തിരുവനന്തപുരം: തൃശ്ശൂരിൽ ചരിത്രവിജയം കുറിച്ചു കൊണ്ട് കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയായ ശേഷം സുരേഷ് ഗോപി സംസ്ഥാന ബിജെപി നേതൃത്വത്തിന് സൃഷ്ടിച്ചിരിക്കുന്നത് ചില്ലറ തലവേദനകളല്ല. പല പ്രസ്താവനകൾ കൊണ്ടും പ്രവൃത്തി കൊണ്ടും ബിജെപി നേതൃത്വത്തെ സമ്മർദത്തിലാക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട എം പിയായി ഇരിക്കാനാണ് താൽപ്പര്യമെന്ന് തുടങ്ങി അവസാനം ഇന്ദിരാഗാന്ധിയെ ഭാരതമാതാവെന്ന് വിളിക്കുന്നതുവരെ എത്തിനിൽക്കുന്നുണ്ട് സുരേഷ് ഗോപിയുടെ പാർട്ടിയെ വെട്ടിലാക്കുന്ന നിലപാടുകൾ.
ജൂൺ 9 ന് കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം താൻ ആ സ്ഥാനത്ത് നിന്ന് ഒഴിയാൻ ആഗ്രഹിക്കുന്നുവെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ഈ പരാമർശങ്ങൾ ബിജെപിയെ സമ്മർദ്ദത്തിലാക്കുകയും പ്രതിപക്ഷമടക്കം വിഷയം വലിയ ചർച്ചയാക്കി മാറ്റുകയും ചെയ്തതോടെ സുരേഷ് ഗോപി തന്റെ പ്രസ്താവന പിൻവലിക്കുകയും വാർത്ത “തീർത്തും തെറ്റാണ്” എന്ന് പറയുകയും ചെയ്തു. ഇത് സംസ്ഥാന ബിജെപി നേതൃത്വത്തിന് വല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചത്.
മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം സുരേഷ് ഗോപി വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി. സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ കുടുംബത്തെയും മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ കരുണാകരന്റെ അന്ത്യവിശ്രമ സ്ഥലവും സന്ദർശിച്ച് ഇരുവരെയും തന്റെ രാഷ്ട്രീയ ഗുരുക്കൾ എന്നാണ് ബിജെപിയുടെ കേന്ദ്ര സഹമന്ത്രി വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ "ഇന്ത്യയുടെ മാതാവ്" എന്നും സുരേഷ് ഗോപിയുടെ നാവിൽ നിന്നും വന്നതോടെ ബിജെപി നേതൃത്വം വെട്ടിലായി. തൊട്ടുപിന്നാലെ സുരേഷ് ഗോപിയും പാർട്ടിയും തമ്മിൽ ഭിന്നതകളൊന്നുമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വവും രംഗത്തെത്തി. കേരളത്തിൽ ബിജെപിയിൽ ഭിന്നതയില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ സുരേഷ് ഗോപി നടത്തിയ തന്നിഷ്ട സന്ദർശനങ്ങൾക്കിടയിൽ സിപിഎമ്മും കോൺഗ്രസും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബിജെപിയുടെ "പരമ്പരാഗത" വഴികളിൽ നിന്നുള്ള വ്യതിചലനമെന്ന് വിശേഷിപ്പിച്ചു. അതേ സമയം കോൺഗ്രസിന്റെ വോട്ടർ അടിത്തറയിൽ വിള്ളൽ വീണ തൃശ്ശൂരിൽ "എല്ലാവരെയും ഉൾക്കൊള്ളുന്ന" സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രതിച്ഛായ അവതരിപ്പിക്കുന്നത് ഉചിതമാണെന മറ്റൊരു ബിജെപി നേതാവ് പറഞ്ഞു. 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപിയുടെ നടപടികളിൽ നിന്ന് മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാകൂവെന്നും നേതാവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
