/kalakaumudi/media/media_files/ZHU2RAQjae2zAnjQIIMq.jpg)
തൃശൂര്‍: വോട്ടര്‍പട്ടിക വിവാദത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അവര്‍ ഇന്ന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തതെന്നും ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ മാല ചാര്‍ത്തിയശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. വിവാദങ്ങളില്‍ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.
''നിങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയും. എന്തുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാന്‍ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവര്‍ ഇന്ന് മറുപടി പറയും. ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍ കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരന്‍മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ''സുരേഷ്‌ഗോപി പറഞ്ഞു.
ശക്തന്റെ പ്രതിമയില്‍ ഹാരം അര്‍പിച്ചതില്‍ പ്രതികരണം ഇങ്ങനെ: ''ഹൃദയം പറഞ്ഞു, ചെയ്തു. ശക്തന്റെ ആ ശക്തി തിരിച്ച് തൃശൂരിന് ലഭിക്കണം. അതിനായുള്ള ആദ്യത്തെ സമര്‍പ്പണം നടത്തി''. സുരേഷ്‌ഗോപിയും കുടുംബവും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു വ്യാജ സത്യവാങ്മൂലം നല്‍കി തൃശൂരിലേക്ക് വോട്ടു മാറ്റിയെന്ന പരാതിയില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. സുരേഷ്‌ഗോപിയുടെ സഹോദരന് തൃശൂരിനു പുറമേ കൊല്ലത്തും വോട്ടുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.