എന്നെ മതപരമായി പോലും ആക്രമിക്കുന്നു; ഹിന്ദുവായതിനാല്‍ ആരും ചോദിക്കില്ല

നിങ്ങളുദ്ദേശിക്കുന്ന വ്യക്തിയല്ല ഞാന്‍. ഞാന്‍ എന്ന വ്യക്തി തുറന്ന പുസ്തകമാണ്. എനിക്ക് സ്നേഹം മാത്രമേ അറിയൂ. എന്റെ ശത്രുക്കളോട് പോലും എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ

author-image
Rajesh T L
New Update
WhatsApp Image 2026-02-22 at 12.34.59 PM (1)

തിരുവനന്തപുരം: രാഷ്ടീയത്തില്‍ പ്രവര്‍ത്തിച്ച് ഉന്നതനാവാനല്ല, ഉന്നതമാവാനാണ് ശ്രമമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താന്‍ മുഖ്യമന്ത്രി ആകുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി, ഗുരുവായൂരപ്പനെ സേവിക്കാന്‍ ലഭിക്കുന്ന നിയോഗത്തേക്കാള്‍ മറ്റൊരു സ്ഥാനവും തന്നെ മോഹിപ്പിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മതപരമായി പോലും എന്നെ ആക്രമിക്കുന്നുണ്ടെന്നും ഹിന്ദുവായത് കൊണ്ട് ആരും ചോദിക്കാന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. എം എസ് മണി അനുസ്മരണവും കലാകൗമുദിയുടെ 50-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുദ്ദേശിക്കുന്ന വ്യക്തിയല്ല ഞാന്‍. ഞാന്‍ എന്ന വ്യക്തി തുറന്ന പുസ്തകമാണ്. എനിക്ക് സ്നേഹം മാത്രമേ അറിയൂ. എന്റെ ശത്രുക്കളോട് പോലും എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ. പക്ഷേ എന്റെ സത്യത്തെ ദ്രോഹിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. കാട്ടുകള്ളന്മാര്‍ എന്ന റിപ്പോര്‍ട്ട് എഴുതിയതിന്റെ പേരില്‍ എം എസ് മണി സാറിന് ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷം കേന്ദ്ര സര്‍ക്കാരിനെതിരെ എത്ര മാത്രം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെതിരെ അതിന്റെ പേരില്‍ നടപടി എടുത്തിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. മാധ്യമങ്ങളുടെ കൂരമ്പുകളില്‍ നിന്ന് പൗരന്മാരുടെ മോചനത്തിനായി ഒരു പ്രസ്ഥാനം വന്നാല്‍ അതിനെ നയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുന്നോക്ക സമുദായക്കാര്‍, പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം, തിരിച്ചും വേണം എന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ ഭാഷയുടെ പരിമിതി കൊണ്ടാണ് ഉന്നത കുല ജാതന്‍ പോലുള്ള പ്രയോഗങ്ങള്‍ നടത്തിയത്. വിശാലമായ നവോത്ഥാന കാഴ്ചപ്പാടായിരുന്നു അതെന്നും സുരേഷ് ഗോപി പറഞ്ഞു.

BJP kerala Suresh Gopi