തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. അടിയന്തരമായി ഡല്‍ഹിക്ക് പോകേണ്ടതിനാല്‍ തൃശൂരില്‍ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു സുരേഷ് ഗോപി അറിയിച്ചു.
തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു.
സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:തൃശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും നാളെ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടന്‍ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാല്‍, ഇന്ന് വൈകുന്നേരം 4 മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.
ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഏറെ ഖേദമുണ്ട്. അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയില്‍ നിന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് ഞാന്‍ വിലമതിക്കുകയും പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.
ഇരിങ്ങാലക്കുടയില്‍ മറ്റൊരു പ്രധാന ട്രെയിന്‍ സ്റ്റോപ്പ് ഉടന്‍ ലഭ്യമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍, അതിന്റെ ഫ്‌ലാഗ് ഓഫ് നമ്മള്‍ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്,
നിങ്ങളുടെ സ്വന്തം,
സുരേഷ് ഗോപി