കോട്ടയം : തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ ശ്രമിക്കുമെന്നും അതില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണു കുടുംബത്തിന്റെ ആരോപണം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.
ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായാണ് മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞത്. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിനു രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണു പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നും പൊലീസ് അറിയിച്ചു. മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നാണ് പിതാവ് മധുസൂദനന്‍ ആരോപിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ആളെ നിരീക്ഷണത്തില്‍ വയ്ക്കുന്നതില്‍ പൊലീസിനു വീഴ്ച്ചപറ്റിയെന്നും മധുസൂദനന്‍ ആരോപിക്കുന്നു.