കേന്ദ്രമന്ത്രി സുരേഷ് ഗോപി കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ.
കോഴിക്കോട്: കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യേക പദ്ധതികൾ തയാറാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു. എയിംസ് കോഴിക്കോട്ടു വേണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമുണ്ട്. തനിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു പറയേണ്ടയിടത്തു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡൽഹിയിൽനിന്ന് കോഴിക്കോടെത്തിയ സുരേഷ് ഗോപി തളി മഹാ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. രാവിലെ 6.35 നാണ് അദ്ദേഹം തളി ക്ഷേത്രത്തിലെത്തിയത്. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണനും ബിജെപി സംസ്ഥാന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ തളി മാരാർജി ഭവനിലെത്തി.