"ആരോപണം പിൻവലിച്ചു ഖേദപ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി" കൃഷ്ണ കുമാറിനെതിരെ വക്കീൽ നോട്ടീസ് അയച്ചു സുരേഷ് കുമാർ

പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം

author-image
Rajesh T L
New Update
qwer

പാലക്കാട്: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസിൽ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.  

കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് നോട്ടിസയച്ചത്.  
പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം.

സിപിഎം പുതുശേരി ഏരിയയിലെ മുൻ സെക്രട്ടറിക്ക് കൈക്കൂലിയായി കമ്പനി നൽകിയത് ഇന്നോവ ക്രിസ്റ്റ കാറാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഒരു കോടി സംഭാവന നൽകി. ജില്ലയിലെ കോൺഗ്രസിന്‍റെ നേതാവിന്  25 ലക്ഷം രൂപ വ്യക്തിപരമായും നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ ആരിൽ നിന്നാണ് സ്വീകരിച്ചത്? എന്തിനു സ്വീകരിച്ചുവെന്ന് ഇരുപാർട്ടികളും വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി ആരോപണത്തിന് മറുപടിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്ത് വന്നിരുന്നു. സിപിഎമ്മിന് ഒരു അക്കൗണ്ടേയുള്ളുവെന്നും അത് ആർക്കും പരിശോധിക്കാമെന്നും പാർട്ടി അംഗങ്ങൾ വാഹനം വാങ്ങുമ്പോള്‍ അതിന്‍റെ ഉറവിടം വെളിപ്പെടുത്തണമെന്നും അതാണ് സിപിഎം സംഘടനാ തത്വമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. വഴിവിട്ട മാർഗത്തിലൂടെ സമ്മാനങ്ങൾ വാങ്ങിയാൽപോലും അത് പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും കമ്പനിക്ക് സിപിഎമ്മിനെ സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

BJP Malayalam kerala news cpimkerala