നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങൾ തകർന്നേക്കും. സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി വ്യക്തമാക്കുന്നു.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിലുള്ളവർക്ക് പെരുമാറ്റച്ചട്ട പ്രകാരം മറ്റ് ജോലികൾ ചെയ്യാൻ സാധിക്കില്ല. അവധി എടുത്തുപോലും സിനിമ അഭിനയം ഉൾപ്പെടെയുള്ള മറ്റ് ജോലികൾ ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രി സ്ഥാനം മുഴുവൻ സമയ ജോലിയാണെന്നും ആചാരി കൂട്ടിച്ചേർത്തു. സെപ്റ്റംബർ ആദ്യ വാരം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് സുരേഷ്‌ഗോപി നിയമക്കുരുക്കിലായത്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ്‌ഗോപി കേന്ദ്ര സഹമന്ത്രിയായതിന് ശേഷവും ഉദ്ഘാടനങ്ങൾ നടത്തുമെന്നും എന്നാൽ മന്ത്രിയായല്ല നടനായാണ് വരികയെന്നും പ്രതിഫലം വാങ്ങുമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. എന്നാൽ സുരേഷ്‌ഗോപിയ്ക്ക് ഇത്തരത്തിൽ മന്ത്രിപദത്തിലിരിക്കെ പ്രതിഫലം വാങ്ങി ഉദ്ഘാടനം ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും ആചാരി വ്യക്തമാക്കി.
എന്നാൽ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ അധികാരമുള്ളത് പ്രധാനമന്ത്രിയ്ക്കാണെന്നും ആചാരി അറിയിച്ചു. മന്ത്രിയ്ക്ക് സ്വകാര്യ ആവശ്യങ്ങൾക്ക് ശ്രദ്ധ നൽകി മറ്റ് ജോലികളിൽ ഏർപ്പെട്ടാൽ അത് മന്ത്രി സ്ഥാനത്തെ ബാധിക്കുമെന്നും ആതാരി അറിയിച്ചു.