/kalakaumudi/media/media_files/2024/11/27/UfiFyuuxZDsfeFyz3lz8.jpg)
എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോര്‍ച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.