/kalakaumudi/media/media_files/2026/02/23/sachi2-2026-02-23-14-15-49.jpg)
ചെറുകോല്‍പ്പുഴ: കേരളത്തില്‍ അടുത്തകാലത്തായി ഹിന്ദുവിഭാഗങ്ങള്‍ക്ക് നേരെ നടന്നുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കലിനുമെതിരെ ആഞ്ഞടിച്ച് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ചെറുകോല്‍പ്പുഴ പമ്പാമണല്‍പ്പുറത്ത് നടന്നുവന്ന 114-ാമത് ഹിന്ദുമതപരിഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പൊട്ടിത്തെറിച്ച മാലപ്പടക്കംപോലെ ഛിന്നഭിന്നമായിക്കിടക്കുന്ന ഹൈന്ദവജനത ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ അത് വര്‍ഗീയതയാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമാകുകയാണ്. ഇതരമതങ്ങള്‍ക്കെല്ലാം സംഘടിക്കാം; തങ്ങളുടെ അവശത മാറ്റാന്‍ ഹൈന്ദവര്‍ ഒന്നിച്ചാല്‍മാത്രം വര്‍ഗീയതയാകും. 42 വര്‍ഷമായി ഒരു തീര്‍ഥാടകനായാണ് താന്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലെത്തിച്ചേരുന്നത്. മഹാത്മാക്കളുടെ പാദസ്പര്‍ശംകൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും പുണ്യഭൂമിയായ ചെറുകോല്‍പ്പുഴയില്‍ അറിവിന്റെ തീര്‍ഥാടനമാണ് നടക്കുന്നത്. ശ്രീനാരായണഗുരുവിനെപ്പോലും സനാതനധര്‍മത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. ഗുരുദേവന്റെ 73 വര്‍ഷത്തെ ദീപ്തമായ ജീവിതത്തിലുള്ള 63 കൃതിയിലും സനാതനധര്‍മത്തിന് വിരുദ്ധമായി ഒന്നുമില്ല -അദ്ദേഹം പറഞ്ഞു.
ഹിന്ദുമതമഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അധ്യക്ഷനായി. സനാനധര്‍മത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിലെ ബഹുസ്വരതയെ ഇല്ലാതാക്കാന്‍ ശ്രമമുണ്ടാകുമെന്ന്, വിശിഷ്ടാതിഥിയായെത്തിയ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഭക്തരുടെ വിയര്‍പ്പിന്റെ അംശമായി സമര്‍പ്പിക്കുന്ന പണം എന്തിനുപയോഗിക്കുന്നു എന്നറിയാന്‍ അവകാശമില്ലാത്ത സമൂഹമായി ഹിന്ദുസമൂഹം മാറിയെന്ന്, മുഖ്യപ്രഭാഷണം നടത്തിയ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
