എറണാകുളം: ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ. നടി ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നന്ദകുമാറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.
ഒരാഴ്ച മുമ്പാണ് നടി ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ യൂട്യൂബ് ചാനലിലൂടെ ക്രൈം നന്ദകുമാർ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്യാനും പൊലീസ് നിർദേശിച്ചു.
എന്നാൽ ഇത് ലംഘിച്ച് വീഡീയോ നീക്കം ചെയ്യാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ വീണ്ടും ശ്രമം നടത്തിയതിനെ തുടർന്നാണ് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിൽ നന്ദകുമാറിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഇയാൾ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ കേസുകൾ സംബന്ധിച്ചും ക്രൈം നന്ദകുമാറിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.