/kalakaumudi/media/media_files/2026/01/25/anoop-2-2026-01-25-12-39-33.jpg)
കൊച്ചി: ടി.എം ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. . അമ്പിളി ജേക്കബിനെ കോതമംഗലത്ത് മത്സരിപ്പിക്കാനാണ് ആലോചന. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അമ്പിളിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. സഹോദരന്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ നിലപാടും വ്യക്തമാകേണ്ടതുണ്ട്.
ഇതോടെ വരുന്ന നിയമസാഭാതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസില്‍ പുതിയ നേതാവുകൂടി ഉദയം കൊള്ളുകയാണ്. വളരും തോറും പിളരും പിളരും തോറും വളരും. കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നിന്ന് പിറന്ന പഴഞ്ചൊല്ലിന് അഞ്ചര പതിറ്റാണ്ടിനിപ്പുറവും പതിരില്ല. ആശയ പ്രശ്‌നങ്ങള്‍ക്കപ്പുറം മൂപ്പിളമ തര്‍ക്കങ്ങളുടെ പേരിലായിരുന്നു പിളര്‍പ്പുകളെല്ലാമെന്നതും രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു കൗതുകം.
1977ല്‍ തുടങ്ങി അഞ്ചു പിളര്‍പ്പിലൂടെ കടന്ന് 90കളിലെത്തിയപ്പോള്‍ ആകെ കേരളാ കോണ്‍ഗ്രസുകള്‍ നാല്. പിന്നെ കണ്ടത് മധ്യതിരുവിതാംകൂര്‍ പാര്‍ട്ടിയിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ കാലം. പിടി ചാക്കോയുടെ മകന്‍ പി സി തോമസിനെ മാണിയാണ് ഒപ്പം കൂട്ടിയത്. മുവാറ്റുപുഴയില്‍ നിന്ന് ലോകസ്ഭയിലുമെത്തിച്ചു. കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഒപ്പം കൂട്ടി ഇടുക്കിയില്‍ നിന്ന് ലോക്‌സഭയലേക്കയച്ച് ജോസഫും പകരംവീട്ടി. മകന്‍ മല്‍സരത്തിന് പാകമായതോടെ തോമസിനെ തള്ളി മാണി ജോസ് മോനെ മൂവാറ്റുപുഴയിലിറക്കി. ജോസിന് മൂപ്പുപോരെന്ന് എതിരെ മല്‍സരിച്ച് ജയിച്ച് തോമസ് കാട്ടിക്കൊടുക്കുകയും ചെയ്തു. പിന്നെ പിണങ്ങിപ്പോയ തോമസ് ജോസഫിനൊപ്പം കൂടി.
പി ജെ ജോസഫിനൊപ്പം നിന്ന പി സി ജോര്‍ജ് 2007ല്‍ പിണങ്ങിപ്പോയി. ആദ്യം ഒറ്റയ്ക്കു നിന്നു. പിന്നെ മാണിക്കൊപ്പംകൂടി. 2010ല്‍ ഒരുമയുടെ പാതവെട്ടിത്തെളിച്ച് ജോസഫും മാണിക്കൊപ്പമെത്തി. ഈ കൂട്ടുകെട്ടില്‍ പക്ഷേ അനാഥനായി പുറത്തുപോയത് പിസി തോമസ് മാത്രം. മകന്റെ നേതൃത്വത്തിന് ഭീഷണി മണത്ത മാണി ഇതിനിടെ പി സി ജോര്‍ജിനും പുറത്തേക്ക് വഴിതുറന്നു. മാണിസാറിന്റെ തട്ടകം മകനെയിറക്കി പിടിക്കാനുള്ള ഉദ്യമത്തിലാണ് ജോര്‍ജിപ്പോള്‍. അടുത്ത ഊഴം ഫ്രാന്‍സിസ് ജോര്‍ജിന്റെതായിരുന്നു.
അച്ഛന്‍ മരിച്ചതോടെ അനൂപ് ജേക്കബ് ടി എം ജേക്കബിന്റെ പേരിലുള്ള കേരളാ കോണ്‍ഗ്രസ് സ്വന്തം പേരിലാക്കി. ബാലകൃഷ്ണപിള്ള ജയിലില്‍ പോയതിന് പിന്നാലെ ആ പാര്‍ട്ടിയെ കെ ബി ഗണേഷ്‌കുമാറും സ്വന്തമാക്കി. തിരിച്ചെത്തിയ പിള്ള പാര്‍ട്ടി തിരിച്ചുപിടിച്ചെങ്കിലും പോരാളിയായി ഗണേശന്‍ ഇപ്പോഴും ഒപ്പമുണ്ട്. പിളര്‍പ്പ് നിര്‍ബാധം തുടരുന്നെങ്കിലും അതിനൊത്ത വളര്‍ച്ച കേരള കോണ്‍ഗ്രസുകള്‍ക്ക് ഇപ്പോഴുണ്ടോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
