വയോധികയെ ഭീഷണിപ്പെടുത്തി 1.17 കോടി തട്ടിയ സംഘത്തിലെ തമിഴ് യുവതി അറസ്റ്റിൽ

ക്രിമിനൽ സംഘവുമായി സാമ്പത്തിക ഇടപാടുള്ളതായി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എറണാകുളം സ്വദേശിയായ സ്ത്രീയുടെ 1.17 കോടി രൂപ കൈക്കലാക്കിയ സംഘത്തിലെ യുവതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

author-image
Shyam
New Update
vijay-lekshmi.1.3331016

കൊച്ചി: ക്രിമിനൽ സംഘവുമായി സാമ്പത്തിക ഇടപാടുള്ളതായി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എറണാകുളം സ്വദേശിയായ സ്ത്രീയുടെ 1.17 കോടി രൂപ കൈക്കലാക്കിയ സംഘത്തിലെ യുവതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കർമ്മത്താംപെട്ടി ഉപദേശിത്തോട്ടം 16/45 ബി.യിൽ വിജയലക്ഷ്മിയാണ് (38) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

ടി.ഡി റോഡിൽ താമസിക്കുന്ന സി.ആർ. രൂപമാലയാണ് (69) തട്ടിപ്പിനിരയായത്. സഹാറ പൊലീസിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പു സംഘം വിളിച്ചത്. എറണാകുളം എം.ജി റോഡിലെ വിട്ടൽദാസ് എന്ന ക്രിമിനലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ രൂപമാലയുമായി ഇയാൾ 38.50 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതിന് രേഖകൾ കിട്ടിയെന്നും കേസിൽ അറസ്റ്റിലാകാതിരിക്കാൻ പണം നൽകണം എന്നുമായിരുന്നു ഭീഷണി.

തുട‌ർന്ന് ജനുവരി 16, 17, 22 തീയതികളിലായി തട്ടിപ്പുസംഘം നൽകിയ 5 ബാങ്ക് അക്കൗണ്ടുകളിലായി 1.17 കോടി രൂപമാല അയച്ചു. സംഭവത്തിൽ കേസെടുത്ത സെൻട്രൽ പൊലീസ് ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നട‌ത്തിയ അന്വേഷണത്തിലാണ് വിജയലക്ഷ്മിയെ തിരിച്ചറിഞ്ഞത്. ഇവരുടെ അക്കൗണ്ടിൽ രൂപമാല അയച്ച 35 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ് ചാക്കോ, ശ്രീലക്ഷ്മി, മുബാറക്ക്, സി.പി.ഒ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

kochi