/kalakaumudi/media/media_files/j6M25rc7ciC1Un9JR2SH.jpg)
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറൻസിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു.
പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകൾ ശരിവെച്ചിരിക്കുകയാണ് എയിംസ്. കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും മർദനം മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലുകളാണ് എയിംസ് വിദഗ്ധ സംഘവും ശരിവെച്ചിരിക്കുന്നത്.
നേരത്തെ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മർദനത്തിലാണ് താമിർ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
