രണ്ടുദിവസം മുൻപ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ മേഖലയിൽ ചർച്ചകൾ തുടരുകയാണ്. സിനിമാ രംഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചർച്ചകൾ നടക്കുമ്പോൾ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത. ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണിതെന്നാണ് തനുശ്രീ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവർ പറഞ്ഞു. അതെല്ലാം ഉപയോഗശൂന്യമാണെന്നാണ് തോന്നുന്നത്. 2017-ൽ നടന്ന ഒരു സംഭവത്തിനെത്തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴു വർഷമെടുത്തെന്നും തനുശ്രീ ദത്ത പ്രതികരിച്ചു.
ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച വിമൻസ് ഗ്രീവൻസ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയേക്കുറിച്ചും തനുശ്രീ ദത്ത പരാമർശിച്ചു. "ഈ പുതിയ റിപ്പോർട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏർപ്പെടുത്തുക മാത്രമാണ് അവർ ചെയ്യേണ്ടിയിരുന്നത്. ഇത്രയധികം മാർഗനിർദേശങ്ങളുമായി വന്ന് പേജുകളും റിപ്പോർട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തിൽ ഓർക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകൾ മാത്രം മാറിക്കൊണ്ടിരുന്നു." തനുശ്രീ ദത്ത രോഷംകൊണ്ടു.
ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018-ൽ നടൻ നാനാ പടേക്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. തുടർന്ന് നിരവധി നടിമാർ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തി.