/kalakaumudi/media/media_files/e7PGcYQ2n6KHAeja1eK4.jpeg)
കൊച്ചി: സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി അദ്ധ്യാപകൻ നടത്തിയ ചൂരൽ പ്രയോഗം കുറ്റമാകില്ലെന്ന് ഹൈക്കോടതി. ഇതിനുള്ള അധികാരം അദ്ധ്യാപകർക്കുണ്ട്. കുട്ടിയുടെ ചുമതല അദ്ധ്യാപകനെ ഏൽപ്പിക്കുമ്പോൾ അത്തരമൊരു അധികാരവും രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്ന് ജസ്റ്റിസ് സി. പ്രതീപ് കുമാർ പറഞ്ഞു.
തമ്മിൽത്തല്ലിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ ചൂരൽകൊണ്ട് അടിച്ചതിന്റെ പേരിൽ അദ്ധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയിലെ നടപടികളും ഹൈക്കോ
ടതി റദ്ദാക്കി. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യു.പി സ്കൂൾ അദ്ധ്യാപകൻ ഹൈക്കോടതിയിലെത്തിയത്.
2019ലാണ് സംഭവം. പരസ്പരം തുപ്പുകയും വടി ഉപയോഗിച്ച് തമ്മിൽ തല്ലുകയുമായിരുന്ന മൂന്ന് കുട്ടികളെ തടഞ്ഞ അദ്ധ്യാപകൻ മൂന്നു പേർക്കും കാലിൽ ചൂരൽകൊണ്ട് അടി കൊടുത്തു. തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അടികൂടിയ കട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് അദ്ധ്യാപകൻ വാദിച്ചു.
നല്ല പൗരന്മാരാകാനുള്ള
ശിക്ഷയായി കാണണം
ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അദ്ധ്യാപകനൊന്ന് അടിച്ചാൽ തെറ്റില്ലെന്ന് ഹൈക്കോടതി. വഴക്കുണ്ടാക്കിയ കുട്ടികളുടെ കാലിലാണ് അടിച്ചത്. പരിക്കൊന്നും ഉണ്ടായില്ല. നല്ല പൗരന്മാരായി വളരാനുള്ള ശിക്ഷയായിട്ടെ അതിനെ കാണാനാകൂ. ഇത് രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യമാണെന്നും കോടതി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
