ഡയസ് ഇടിക്കുള
(Chief Librarian, Gulf Medical University, UAE)
അദ്ധ്യാപകരെ അനുസ്‌മരിയ്ക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനമാണ് "അദ്ധ്യാപകദിനം". പ്രഗൽഭനും പ്രതിഭാശാലിയുമായ മുൻ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മദിനം "അദ്ധ്യാപകദിനമായി" നാം ആചരിയ്ക്കുന്നു. വിജ്ഞാന സ്രോതസ്സുകൾ വിദ്യാർത്ഥികൾക്ക് പകരുകയും, ജീവിത യാത്രയിൽ ജീവിത വിജയത്തിനുള്ള സ്വപ്‌നങ്ങൾ കാണാൻ കുട്ടികൾക്ക് പ്രചോദനം നൽകുന്നവരാണ് മാതൃകാ അദ്ധ്യാപകർ.
വിജ്ഞാനം വിരൽ തുമ്പിൽ ലഭ്യമാകുന്ന "വിജ്ഞാന വിസ്ഫോടന യുഗത്തിലാണ്" നാം ജീവിയ്ക്കുന്നത്. ഭാരതീയ പൈതൃകത്തിൽ ഒരു വിദ്യാർത്ഥിയുടെ വിജ്ഞാന വീഥിയിൽ അദ്ധ്യാപകനിൽ നിന്നും ആചാര്യനിലേക്കുള്ള ദൂരം അർത്ഥതലത്തിൽ വളരെ വലുതാണ്. ആചാര്യന്മാരെ ഈശ്വര തുല്ല്യമായി ആദരിച്ചിരുന്ന മഹത്തായ പൈതൃകമാണ് നമുക്കുള്ളത്. ആചാര്യ പദവിയുടെ പവിത്രതയും പരിശുദ്ധിയും നിറഞ്ഞു നിന്നിരുന്ന കലാലയങ്ങളെ "കലാക്ഷേത്രങ്ങളായി" നാം പരിപാലിച്ചു.
പഴമയുടെ ഉദാത്തമായ പൈതൃകം അടയാളപ്പെടുത്തിയ കലാക്ഷേത്രങ്ങളെ, കലാപശാലകളാക്കി മാറ്റിയ നവോത്ഥാന തലമുറയ്ക്ക് എന്ത് പൈതൃകം ? നാം ഓരോരുത്തർക്കും നമ്മുടെ അദ്ധ്യാപകരെ കുറിച്ച് ഒരുപാട് ഓർമ്മകൾ കാണും. നമ്മുടെ ജീവിത ശൈലിയെ പാകപ്പെടുത്തുന്നതിൽ ഒരുപാട് സ്വാധീനം ചെലുത്തിയവരാണ് നമ്മുടെ അദ്ധ്യാപകർ. എൻ്റെ വിദ്യാർത്ഥി ജീവിത സ്മരണകളിൽ ആദരവോടും വിസ്‌മയത്തോടും ഓർക്കുന്ന പ്രഗത്ഭരായ അദ്ധ്യാപക ശ്രേഷ്ടരാണ് മഹാകവി പുത്തൻകാവ് മാത്തൻ തരകനും, പ്രൊഫസർ എം.പി മന്മഥനും.
നന്നേ ചെറു പ്രായത്തിൽ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ സാറിനെ പരിചയപ്പെടാൻ അവസരമുണ്ടായത് മുത്തച്ഛനിലൂടെയാണ്. തൂവെള്ള ഖദർ ജൂബയും ഖദർ ഷാളും കമനീയമായി ധരിച്ചു വരുന്ന മാത്തൻ തരകൻ സാറിൻ്റെ സാന്നിദ്ധ്യം വേദിയെ മനോഹരമാക്കും. സാഹിത്യ ശ്ലോകങ്ങളും ഉദ്ധരണികളും കോർത്തിണക്കുന്ന ആ പ്രഭാഷണങ്ങളുടെ മാധുര്യം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
ജീവിതത്തിൽ ഒരിയ്ക്കലും മറക്കാൻ കഴിയാത്ത അദ്ധ്യാപക ശ്രേഷ്ടനാണ് പ്രൊഫസർ എം.പി മന്മഥൻ സാർ. എൻ്റെ സാഹിത്യ പഠന യാത്രയിൽ സ്വാധീനം ചെലുത്തിയായ ആചാര്യൻ. മലയാള ഭാഷാ പദങ്ങളെ ശബ്‌ദ ഗാംഭീര്യത്തോടെ അവതരിപ്പിയ്ക്കുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ ജീവിത വിശുദ്ധിയും ആദർശവും പ്രതിഫലിച്ചിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിൽ, താൻ ധരിച്ചിരുന്ന ഖദറിൻ്റെ പരിശുദ്ധിയും പവിത്രതയും ആദർശവും നിറഞ്ഞു നിന്നിരുന്നു. ആചാര്യ പദവിയിൽ കേരളീയ സമൂഹം ആദരിച്ചിരുന്ന മന്മഥൻ സാറിൻ്റെ പാവന സ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു.
ഊഷ്‌മളമായ ഗുരു ശിഷ്യ ബന്ധത്തിൽ നിറഞ്ഞതാകണം നമ്മുടെ അദ്ധ്യാപകദിന സ്‌മരണകൾ ! റാന്നി എം. എസ് ഹൈസ്‌കൂളിൽ ജഗദമ്മ ടീച്ചറുടെ മലയാളം ക്‌ളാസ്സുകൾ എത്ര മനോഹരമായിരുന്നു. പുരാണകഥകൾ മനോഹരമായി അവതരിപ്പിയ്ക്കുന്ന ജഗദമ്മ ടീച്ചറെ ഓർക്കുന്നു.
കോളജ് ജീവിതത്തിൽ മോളി ടീച്ചറും, പ്രൊഫസർ ഏബ്രഹാം വയലായും ഏറെ സ്വാധീനിച്ച അദ്ധ്യാപകരാണ്. ടി.ടി.ഐ പഠനത്തിൽ ജോസഫ് സാറും, അമ്മുക്കുട്ടി ടീച്ചറും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. "മാതാ പിതാ ഗുരു ദൈവം" എന്ന് ചൊല്ലി പഠിച്ചവരാണ് നമ്മൾ. പഠനത്തെ ആസ്വദിക്കാനും ആനന്ദകരമാക്കാനും നമ്മുടെ അദ്ധ്യാപകർ നൽകിയ സേവനം മഹത്തരമാണ്.
ദേവാലയങ്ങളെക്കാൾ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരു വചനം അദ്ധ്യാപകദിന സ്‌മരണകൾക്ക് പ്രചോദനം നൽകുന്നതാണ്. വിദ്യ നേടുന്നവർ സുകൃതം ചെയ്യണമെന്നാണ് ആചാര്യന്മാർ പഠിപ്പിച്ചത്. സുകൃതമില്ലാത്തവൻ നേടുന്ന വിദ്യ നിഷ് ഫലമാണെന്ന് "നീതിസാരം" ശ്ലോകം ഓർമ്മിപ്പിയ്ക്കുന്നു.
"അഗുണസ്യഹതം രൂപം
ദുശീലസ്യഹതം കുലം
അസിദ്ധസ്യ ഹതം വിദ്യ
അഭോഗേന ഹതം ധനം"
നിർഗുണൻ്റെ സൗന്ദര്യം, ദുശീലൻ്റെ വംശം, സുകൃതമില്ലാത്തവൻ്റെ വിദ്യ, സുഖം അനുഭവിയ്ക്കാത്തവൻ്റെ ധനം - ഇവയെല്ലാം നിഷ്ഫലമാണെന്ന് "നീതിസാരം" ഓർമ്മപ്പെടുത്തുന്നു. സമൂഹത്തിന് പ്രകാശം പകരുന്ന മഹത് കർമ്മം അനുഷ്ഠിയ്ക്കുന്ന അദ്ധ്യാപകർ ഒരു പ്രകാശമായി നിലകൊള്ളുന്നു. പ്രകൃതിയുടെ സവിധത്തിൽ പ്രകാശം പകരാൻ ഈശ്വരൻ ചില പ്രകാശങ്ങളെ സമൂഹത്തിൽ നിലനിർത്തിയിട്ടുണ്ട്. അവർക്കായി ഈ അദ്ധ്യാപകദിനത്തിൽ പ്രാർത്ഥിയ്ക്കാം.
"A lamp doesn't speak. It introduces itself through its light. Achiever's never expose themselves. But their achievements expose them"
അദ്ധ്യാപകദിന സ്‌മരണകൾ മാധുര്യമുള്ളതാണ്. ജീവിതത്തിൽ ഒരുപാട് നല്ല ചിന്തകളും അറിവുകളും പകർന്നു തന്ന എല്ലാ അദ്ധ്യാപക ശ്രേഷ്ടർക്കും ആദരവുകൾ സമർപ്പിയ്ക്കുന്നു.