/kalakaumudi/media/media_files/2026/01/30/highcourt-2026-01-30-14-59-37.jpg)
കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആൺ സുഹൃത്തായ കാസർകോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്.
കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കോടതി പരാമർശം. വഴക്കിനിടെ 'പോയി ചാകാൻ' പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിൽ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങൾ ചെയ്താൽ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി.
അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതിന്റെ മനോവിഷമത്തിൽ യുവതി കുഞ്ഞുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയെന്നാണ് കേസ്.
യുവാവിന്റെ വാക്കുകളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം. ഹർജിക്കാരൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
