/kalakaumudi/media/media_files/2025/10/10/sabarimala-2025-10-10-19-01-19.jpg)
പത്തനംതിട്ട: ശബരിമലയില്‍ ദിവസവേതനക്കാരില്‍ ചിലര്‍ ഭക്തരെ കബളിപ്പിച്ചും മറ്റും കവര്‍ന്നത് അരക്കോടിയോളം രൂപയെന്ന് സൂചന. 50-ഓളം പേര്‍ ചുരുങ്ങിയത് ഒരുലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മണ്ഡല -മകരവിളക്ക് കാലത്താണ് ഈ തട്ടിപ്പ് നടന്നത്. സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകള്‍ വഴിയുമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ചത്.
ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ.ജി. ബിജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
2025 നവംബര്‍ 17-നും ഡിസംബര്‍ 31-നും ഇടയ്ക്ക് 6000 രൂപ വരെയുള്ള തുകകളായി പലദിവസങ്ങളില്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. മഞ്ഞളും ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍ ചിലര്‍ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് വിവരം നല്‍കിയത്.
14.08 ലക്ഷം രൂപയാണ് സന്നിധാനത്തെ പോസ്റ്റോഫീസ് വഴി മണിഓര്‍ഡറുകളായി പോയിട്ടുള്ളത്. ഇതെല്ലാം ദിവസവേതനക്കാരുടേതാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍വഴി അയച്ച തുകയുടെ വിവരങ്ങള്‍കൂടി വരുമ്പോള്‍ തുക ഗണ്യമായി ഉയരാനാണ് സാധ്യത. 25,000 രൂപയ്ക്കുമേല്‍ അയച്ചവരുടെ വിവരങ്ങളാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് നല്‍കിയിരിക്കുന്നത്.
അടൂര്‍ ചൂരക്കോട് സ്വദേശി ആര്‍. പ്രദീപ് അയച്ച 1,38,000 രൂപയാണ് ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക. വിതുര തൊളിക്കോട് സ്വദേശി ബിജുകുമാര്‍ 1,07,45 രൂപയും, കൊല്ലം കരവാളൂര്‍ സ്വദേശി ആര്‍. അജിമോന്‍ 47,400 രൂപയും പത്തനാപുരം സ്വദേശി അരുണ്‍കൃഷ്ണന്‍ 27,910 രൂപയും അയച്ചതായി തെളിഞ്ഞു. ഇതിലുള്ളവരുടെ മൊഴി ഉടന്‍ എടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
