/kalakaumudi/media/media_files/2025/10/05/suku2-2025-10-05-16-11-29.jpg)
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ സുകുമാരന്‍ നായര്‍ക്കെതിരെ എന്‍ എസ് എസില്‍ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗം പ്രമേയം പാസാക്കി.
സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പര്‍ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്.
സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ സ്വാര്‍ത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന് തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം.
പ്രമേയത്തിലൂടെ സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നും കരയോഗം ആവശ്യപ്പെട്ടു. എന്‍ എസ് എസിന്റെ മൂല്യങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രമേയത്തിന് പിന്നിലെന്ന് കരയോഗം പ്രതിനിധികള്‍ വ്യക്തമാക്കി. ഇടത് പിന്തുണയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും എന്‍ എസ് എസിനുള്ളില്‍ ദിനംപ്രതി ശക്തമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശ്രീദേവി വിലാസം കരയോഗത്തിന്റെ പ്രമേയം.
അതേസമയം ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാന്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച യോഗം മാറ്റിവെച്ചു. പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് നാളെ നടത്താന്‍ തീരുമാനിച്ച താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗമാണ് മാറ്റിയത്.
യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയന്‍ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്. സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ യോഗം വിളിച്ചത്.
അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ നല്‍കിയ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരന്‍ നായര്‍ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങള്‍ വിഷയം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു.
രാഷ്ട്രീയ സമദൂരം തുടരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എന്‍ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍ എസ് എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ സുകുമാരന്‍ നായരുടെ മാറില്‍ നൃത്തമാടുകയാണ്.
അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. സമദൂരത്തിലാണ് എന്‍ എസ് എസ് നില്‍ക്കുന്നത്. അങ്ങനെ കഴിയുന്ന എന്‍ എസ് എസിനെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ബി ജെ പിയും ആക്കാന്‍ ആരും ശ്രമിക്കരുതെന്നും ചങ്ങനാശ്ശേരിയില്‍ നടന്ന വിജയദശമി ദിന പരിപാടിയില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി. രാഷ്ട്രീയമായി എല്ലാവരോടും സമദൂരം പാലിക്കുന്ന നിലപാടാണ് എന്‍എസ്എസിന്റേതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.