/kalakaumudi/media/media_files/2025/08/31/thamara-2025-08-31-16-47-36.jpg)
കല്‍പറ്റ: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്ത കണ്ടെയ്‌നര്‍ ലോറി കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒന്‍പതാം വളവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിച്ചില്ല.
ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തിറക്കി.
പൊലീസും കല്‍പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷ സേനാംഗങ്ങളും പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. വൈത്തിരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് ലോറി മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. മറ്റു വാഹനങ്ങള്‍ക്ക് വലിയ ഗതാഗതക്കുരുക്കില്ലാതെ കടന്നുപോകുന്നുണ്ട്. ഭയപ്പെട്ടതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റു പരിക്കുകളൊന്നും ഡ്രൈവര്‍ക്ക് ഇല്ലെന്നാണ് വിവരം.