/kalakaumudi/media/media_files/2025/08/29/thmara-2025-08-29-09-40-45.jpg)
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍സിങ്ങിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
വ്യാഴാഴ്ചയും താമരശ്ശേരി ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, രാത്രിചേര്‍ന്ന യോഗത്തിനുശേഷമാണ് കോഴിക്കോട് കളക്ടര്‍ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചത്. നേരത്തേ, റവന്യൂമന്ത്രി കെ. രാജന്‍ കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗംവിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴോടെ പെയ്ത കനത്തമഴയ്ക്കിടെ മണ്ണിടിഞ്ഞഭാഗത്തുനിന്ന് പാറക്കല്ലുകളും മണ്ണുമെല്ലാം റോഡിലേക്ക് വീണ്ടും തെറിച്ചുവീണു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ ഇതേസ്ഥലത്ത് വലിയശബ്ദത്തോടെ വലിയൊരു മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിലയുറപ്പിച്ചിരുന്നവരെല്ലാം ഭയന്ന് ഇരുവശത്തേക്കും ഓടിമാറി. ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയുമെല്ലാം ഇവിടെനിന്ന് മാറ്റി. മഴ അല്പം മാറിനിന്നസമയത്ത് മണ്ണുമാന്തിയന്ത്രമെത്തിച്ച് അടിഞ്ഞ കല്ലുകളും മണ്ണും നീക്കംചെയ്ത് റോഡിലെ ഗതാഗതതടസ്സം നീക്കി.
യോഗത്തിലെ തീരുമാനങ്ങള്‍
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല
മഴ കുറയുന്നസമയത്തുമാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ
താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ വരുത്തണം
ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗംകുറച്ചും സഞ്ചരിക്കണം
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
ഭാരംകൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണം
ശക്തമായ മഴതുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്കുവീഴാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ പ്രദേശത്ത് മുഴുവന്‍സമയ നിരീക്ഷണമേര്‍പ്പെടുത്തും
പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാരും ഉറപ്പുവരുത്തണം. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം
ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തണം
പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കണം
കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം. രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്തണം