/kalakaumudi/media/media_files/2025/10/22/thmarassery-2025-10-22-08-06-24.jpg)
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 321 പേര്‍ക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളില്‍ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നില്‍ നടന്ന സമരതിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കാരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.മാരക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും എഫ്‌ഐആറിലുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ലോറിക്ക് തീയിട്ടുവെന്നുമാണ് എഫ്‌ഐആര്‍. പ്ലാന്റും വാഹനങ്ങളും തകര്‍ത്തതില്‍ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശവാസി വാവി ആണ് കേസിലെ ഒന്നാം പ്രതി.
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറം ഉള്ള സ്ഥിരം സമരവേദിയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ ആണ് മറ്റൊരു സംഘം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും തീയിടുന്നത്.
സിസിടിവി ക്യാമറകള്‍ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീ ഇട്ടത്. തീ അണക്കാന്‍ പുറപ്പെട്ട ഫയര്‍ ഫോഴ്സ് സംഘത്തെ പ്രതിഷേധക്കാര്‍ വഴിയില്‍ തടയുകയും ചെയ്തു. തീ പടര്‍ന്നു പിടിക്കുമ്പോള്‍ 12 തൊഴിലാളികള്‍ ഫാക്ടറിക്ക് അകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തില്‍ തുടര്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇന്നലെ നടന്ന ആക്രമണത്തില്‍ 10 ലോറികള്‍ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
