/kalakaumudi/media/media_files/2025/01/19/TxMEA9zm6g8FGgXn5aUM.jpg)
thamarassery
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി.
കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവര്‍ത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി.
താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്.
മരിച്ച സുബൈദയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലാണ്. 25കാരനായ മകന്‍ ആഷിഖ് പൊലീസ് കസ്റ്റഡിയിലാണുള്ളത്. സുബൈദയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി എന്നാണ് ഇന്നലെ കൊലപാതകത്തിന് ശേഷമുള്ള മകന്റെ വാക്കുകളെന്ന് നാട്ടുകാര്‍ പറഞ്ഞു.