/kalakaumudi/media/media_files/2026/02/13/thampanu-2026-02-13-16-09-35.jpg)
തിരുവനന്തപുരം :കൊമേഴ്‌സ്യൽ, എഡ്യൂക്കേഷണൽ ഹബ്ബാണ് തമ്പാനൂർ. നഗരം ചുറ്റി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ,കോച്ചിംഗ് സെന്ററുകളും നൂറ് കണക്കിന് കൊമേഴ്‌സ്യൽ സ്ഥാപനങ്ങളും അവിടേക്കെത്തുന്ന വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും വാഹനങ്ങളും ഉയർത്തുന്ന ട്രാഫിക് ഭീഷണി ചില്ലറയല്ല. തമ്പാനൂരിലെ ചെറുതും വലുതുമായ ഇടറോഡുകളിലെല്ലാം വാഹനങ്ങളെ കൊണ്ട് നിറഞ്ഞ് ട്രാഫിക് ദുരന്തത്തിൽ ശ്വാസം മുട്ടുകയാണ് നഗരം.
മറ്റൊരു പ്രതിസന്ധിയാണ് മഴക്കാലത്തെ വെള്ളക്കെട്ട്. വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെ രക്ഷിക്കാൻ സർക്കാരും കോർപ്പറേഷനും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതാകട്ടെ നിരവധി പദ്ധതികളും. അതിന് ഒരറുതി വരെ പരിഹാരമായെങ്കിലും പിന്നെയും തലപൊക്കിയെത്തിയത് അതിനേക്കാൽ വലിയ തലവേദനകളാണ്. ആമയിഴഞ്ചാൻ തോട്ടിൽ ജോയി എന്ന ഒരു തൊഴിലാളി യുവാവിന്റെ ജീവൻ കവർന്നതുൾപ്പെടെയുണ്ട് പ്രശ്‌നങ്ങൾ. എസ്എസ് കോവിൽ റോഡിലെ റോഡ് ഉയർത്തിയുള്ള വികസനം ഇരുവശത്തെയും വീടുകൾ മഴയത്ത് വെള്ളം കയറുന്ന ദുരിതത്തിലുമാക്കിയിരിക്കുകയാണ് വാർഡിന്റെ സ്പന്ദനമറിയുന്ന വാർഡ് കൺസിലറാകട്ടെ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പലപ്പോഴും വിമുഖത കാട്ടുന്നു എന്ന ആക്ഷേപവുമുണ്ട്.
തമ്പാനൂർ വാർഡിലെ ജനകീയ വിഷയങ്ങളിലൂടെ...
തമ്പാനൂരിലെ ക്രോസിംഗ് ദുരന്തം
ട്രെയിനിലും ദീർഘദൂര ബസ്സുകളിലും തമ്പാനൂരിൽ വന്നിറങ്ങുന്ന ജനതയ്ക്ക് തലയുയർത്തി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ടെർമിനലും റെയിൽവേ സ്റ്റേഷനുമെല്ലാം ആശ്ചര്യമുണ്ടാക്കുന്ന നിർമ്മിതികളാണ്. പക്ഷേ നഗരം അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് പുറമേയുള്ള ആഡംബരങ്ങളല്ല യാഥാർത്ഥ്യമെന്ന തിരിച്ചറിവുണ്ടാകുന്നത്. ട്രെയിനിറങ്ങി എതിരെയുള്ള ബസ് സ്റ്റാന്റിലെത്തണമെങ്കിൽ ഒരു ജീവന്മരണ പോരാട്ടം തന്നെ നടത്തണമെന്ന സ്ഥിതിയാണ്. രാവിലെയും വൈകുന്നേരവും ട്രെയിനിറങ്ങി സർക്കാർ ഓഫീസുകളിലേക്കും തിരികെയുള്ള മടക്ക യാത്രക്കും പതിനായിരക്കണക്കിനാളുകളാണ് ഈ റോഡ് മുറിച്ചു കടക്കുന്നത്. പലപ്പോഴും ട്രെയിനുകൾ സമയക്രമം പാലിക്കാറില്ല. വൈകിയെത്തുന്ന ട്രെയിനുകളിൽ നിന്ന് പരക്കം പാച്ചിലോടെയാണ് ജനങ്ങൾ ഓടിയിറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത്. ഓഫീസ് സമയം തെറ്റി ചെന്നാലുള്ള വേവലാതിയാണ് പലരെയും വേട്ടയാടുന്നത്. അതിനാൽ തന്നെ തലങ്ങും വിലങ്ങും ചങ്ങല പോലെ നീങ്ങുന്ന ബസ്സുകളെയും മറ്റ് വാഹനങ്ങളെയും നോക്കാതെ അവർ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ജീവൻ നഷ്ടപ്പെട്ടവരും നിരവധിയുണ്ട്. ക്രോസ്സിംഗിന് പൊലീസ് സഹായിക്കാനുണ്ടെങ്കിലും പലപ്പോഴും നിയന്ത്രിക്കാൻ കഴിയാറില്ല. അണ്ടർപാസ് നിർമ്മിക്കുകയാണ് ഏറ്റവും അഭികാമ്യമായ നടപടിയെങ്കിലും റെയിൽവേ വികസനത്തോടനുബന്ധിച്ച് വന്നേക്കാവുന്ന ആകാശപ്പാതയിലാണ് ജനങ്ങളുടെ നിലവിലെ ഏക പ്രതീക്ഷ. മറ്റൊരു പ്രശ്‌നം കെഎസ്ആർടിസി ടെർമിനലിലെ വാടകയ്ക്ക് കൊടുത്തിട്ടുള്ള കടകളാണ്. ബസ് കാത്തുനിൽക്കുന്നവർക്ക് ഇരിക്കാൻ സംവിധാനമില്ലാതെ ചുറ്റിലും കടകൾ വാടകയ്ക്ക് കൊടുത്തിരക്കുകയാണ്. ഇവരാകട്ടെ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബസ് ടെർമിനൽ യഥേഷ്ടം ഉപയോഗിക്കുകയാണ്.
* തമ്പാനൂർ ഇൻഡ്യൻ കോഫി ഹൗസിന് മുന്നിലെ ഓട്ടോ സ്റ്റാന്റ് കാൽനടയാത്രക്കാർക്ക് ഉയർത്തുന്ന ഭീഷണിക്ക് അറുതി വേണം. പലപ്പോഴും കാൽനടയാത്രക്കാർ കടന്നു പോകുമ്പോൾ അകത്തേക്ക് കയറിപ്പോകുന്ന ബസ്സുകൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇവിടെ നിന്ന് ഇടതടവില്ലാതെയുള്ള ഓട്ടോക്കാരുടെ മരണപ്പാച്ചിൽ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. ഓട്ടോ സ്റ്റാന്റിന് മറ്റൊരു സ്ഥലം കണ്ടെത്തണം.
*ഇനിയും അറുതിയില്ലാതെ മാലിന്യത്തോടായിത്തുടരുന്ന ആമയിഴഞ്ചാൻ തോട് നവീകരണം ഉടനെ വേണമെന്നും തോട്ടിലെ ഇനിയും നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യമല നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
* എസ്എസ് കോവിൽ റോഡിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് റോഡ് ഉയർത്തി ടാറിട്ടത്. എന്നാൽ ഇരുവശത്തെയും കടകളും വീടുകളും റോഡിൽ നിന്ന് ഏറെ താണു പോകുകയും മഴക്കാലത്ത് ഇവിടെ വെള്ളം നിറഞ്ഞ് കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നത് വലിയ ദുരിതമാണെും നാട്ടുകാർ ആരോപിക്കുന്നു. പരിഹാരം വേണമെന്ന്...
* എസ്എസ് കോവിൽ,മാഞ്ഞാലിക്കുളം റോഡുകളിലെ ഇരു വശത്തുമുള്ള ബൈക്കുകളുടെയും കാറുകളുടെയും പാർക്കിംഗ് കാരണം പകൽ നേരങ്ങളിൽ കടുത്ത ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. തമ്പാനൂരിലും പരിസരത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റ് സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൊണ്ടാണിത്. കെഎസ്ആർടിസിയുടെയും റെയിൽവേയുടെയും കോർപ്പറേഷന്റെയും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള എംഎൽസിപി സംവിധാനങ്ങൾ ജനങ്ങൾ ഉപയോഗിക്കാൻ വിമുഖത കാട്ടുന്നു. പത്തു രൂപ കൊടുക്കാൻ മടിച്ച് റോഡിലെവിടെയെങ്കിലും ബൈക്കുകളും കാറുകളും നിറുത്തിയിടുന്നു. ഇതിന് പരിഹാരം വേണം.
*എസ്എംവി സ്‌കൂളിന് കീഴിലുള്ള മാഞ്ഞാലിക്കുളം ഗ്രൗണ്ട് കഴിഞ്ഞ കോർപ്പറേഷൻ കൗൺസിൽ സമയത്ത് വൃത്തിയാക്കി പരിപാലിച്ചിരുന്നത് ഇപ്പോൾ തിരിഞ്ഞു നോക്കാനാളില്ലാതെ കാട് കയറിക്കിടക്കുന്ന സ്ഥതിയാണ്. സ്‌കൂൾ അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തി ഗ്രൗണ്ട് പരിപാലിണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
*കെഎസ്ആർടിസി ടെർമിനലിൽ തെക്കോട്ടുള്ള യാത്രക്കാർക്ക് ഇരിക്കാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കണം. ടെർമിനലിനുള്ളിലെ കടക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യൻ അനുവദിക്കരുത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
