തങ്കഅങ്കി രഥഘോഷയാത്ര നാളെ സന്നിധാനത്ത് ;ശനിയാഴ്ച മണ്ഡലപൂജ

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ശബരിമലയിലെത്തുക

author-image
Devina
New Update
thankaanki

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച ശബരിമല സന്നിധാനത്തെത്തും.

വൈകീട്ട് മൂന്നിന് പമ്പയില്‍നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്തേയ്ക്ക് ആനയിക്കും.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.

6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. 

27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജ.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ശബരിമലയിലെത്തുക. 

400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പത്തനംതിട്ട എആര്‍ ക്യാമ്പിലെ സായുധ പൊലീസ് സംഘവുമുണ്ട്.

മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.

ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു.

പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും.