ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി ശിവാനി ഭായി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിന്ന് തനിക്ക് ഒരിക്കൽ മാത്രമാണ് ദുരനുഭവം ഉണ്ടായതെന്നും, അത് തുറന്നുപറഞ്ഞതിന് ശേഷം സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞുവെന്നും ശിവാനി പറഞ്ഞു. ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടൻ വന്ന് രാത്രി വാതിൽ മുട്ടുമായിരുന്നെന്നും അത് താൻ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് റിപ്പോർട്ട് ചെയ്തുവെന്നും, എന്നാൽ വേണ്ട നടപടികൾ ഉണ്ടായില്ലെന്നും, എന്നാൽ തനിക്ക് മറ്റ് അവസരങ്ങൾ ലഭിക്കാതെയിരിക്കാൻ ഒരു നടൻ ഇടപെട്ടെന്നും ശിവാനി പറയുന്നു.
എന്നാൽ കുറേ കാലങ്ങൾക്ക് ശേഷം ചൈന ടൗൺ എന്ന സിനിമയിൽ അവസരം കിട്ടിയപ്പോൾ ഈ നടനെ വിമാനത്താവളത്തിൽ വെച്ച് കണ്ടുവെന്നും, പിന്നീട് ആന്റണി പെരുമ്പാവൂർ ആണ് താൻ ഈ സിനിമയുടെ ഭാഗമാവുന്നത് ആ നടന് ഇഷ്ടമല്ലെന്ന് പറഞ്ഞതെന്നും ശിവാനി പറയുന്നു. എന്നാൽ മോഹൻലാൽ ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ശിവാനി പറയുന്നു.
“ഒരേയൊരു അനുഭവം മാത്രമാണ് എനിക്കുണ്ടായത്. ഞാൻ ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടൻ വന്ന് രാത്രി വാതിൽ മുട്ടുമായിരുന്നു. ആരാണെന്ന് നോക്കുമ്പോഴേക്കും ഓടിപ്പോകും. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഹോട്ടൽ റിസപ്ഷനിൽ കാര്യം പറഞ്ഞു. അവിടെ എന്തോ പാർട്ടി നടക്കുന്നുവെന്ന് പറഞ്ഞു. മദ്യപിച്ച് വല്ലവരും ചെയ്യുന്ന പണിയായിരിക്കും എന്നാണ് അവർ പറഞ്ഞത്. പക്ഷേ, ഞങ്ങൾ റിസ്‌ക് എടുക്കാൻ തയ്യാറല്ലായിരുന്നു. സിനിമയുടെ സംവിധായകനോടും നിർമാതാവിനോടും കാര്യം പറഞ്ഞു. അയാൾ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു. പിന്നീട് ഈ സംഭവം ഉണ്ടായില്ലെങ്കിലും കുറച്ച് നാളത്തേക്ക് സിനിമ ഉണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കരുതെന്ന് ആ നടൻ പറഞ്ഞതായി അറിയാൻ കഴിഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം ചൈനാ ടൗൺ എന്ന സിനിമയിൽ അവസരം കിട്ടി. യാത്രയ്ക്കിടെ വിമാനത്താവളത്തിൽ ഈ നടനെയും കണ്ടു. എന്നോട് കാര്യമായി വന്ന് സംസാരിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം അസ്വസ്ഥനായി നടക്കുന്നത് കണ്ടു. റാമോജി റാവു ഫിലിം സിറ്റിയിൽ എത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്. ആന്റണി പെരുമ്പാവൂർ ചോദിച്ചു, ഈ വ്യക്തിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാൻ പറഞ്ഞു. ഈ വ്യക്തിയ്ക്ക് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത് ഇഷ്ടമില്ലെന്നാണ് പറഞ്ഞത്. ആ നടൻ അങ്ങനെ പറഞ്ഞപ്പോൾ, ലാലേട്ടൻ സമ്മതിച്ചില്ല. അങ്ങനെ പറഞ്ഞുവിടാൻ പറ്റില്ലെന്നും അഭിനയിക്കാൻ വന്ന കുട്ടിയെ തിരികെ അയക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ദേഷ്യവും വാശിയുമുള്ളവർ മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കും. ഇപ്പോൾ ഓരോരുത്തരുടെ അനുഭവം കേൾക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു. സിനിമയുടെ ഇഷ്ടം കൊണ്ടാണ് വരുന്നത്. ആർക്കും ഇത് സംഭവിച്ചു കൂടാ. അതേസമയം, പേരിനും പ്രശസ്തിയ്ക്കുമായി വ്യക്തികൾക്കെതിരേ വ്യാജ ആരോപണം ഉന്നയിക്കരുത്. അത് അതിജീവിതരുടെ പോരാട്ടത്തെ ബാധിക്കും”