/kalakaumudi/media/media_files/BVhaD28LqCMl0Zyzac2J.jpeg)
കൊച്ചി: കുറ്റിച്ചെടികളും ഇലകളും പുല്ലും വൈക്കോലും മാത്രം തിന്നിരുന്ന ഒട്ടകത്തിന് കേരളത്തിലെ തീറ്റ അത്ര പിടിച്ചില്ല. ആള് തളർന്ന് അവശനായി. ഒടുവിൽ എടവനക്കാട് വെറ്ററിനറി ആശുപത്രിയിലെ സർജ്ജനായ ഡോ. അഖിൽരാഗും സംഘവും രക്ഷകരായി.
കുഴുപ്പിള്ളി ബീച്ചിലെ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടകമാണു മൂന്നു ദിവസങ്ങൾക്കു മുൻപ് തളർന്നു വീണത്. ആലുവയ്ക്കടുത്ത് ഉളിയന്നൂരിലെ അജ്മലിന്റെ ഉടമസ്ഥതയിൽ അഞ്ചു വയസുള്ള ആൺ ഒട്ടകമായിരുന്നു. ഉല്ലാസഭരിതനായിരുന്ന ഒട്ടകം വീഴാൻ എന്താണു കാരണമെന്ന് വൈകിയാണു മനസിലായത്. ആൾക്കു കേരള തീറ്റ അത്ര പിടിച്ചില്ല എന്നതുതന്നെ. ക്ഷീ്ണം മൂലം അവശനായ ഒട്ടകത്തിന് എണീക്കാനോ നടക്കാനോ ആകുമായിരുന്നില്ല. തീറ്റയിലുണ്ടായ വ്യതിയാനം മൂലമുണ്ടായ അസിഡോസിസ് ആയിരുന്നു രോഗകാരണമെന്ന് ഡോ. അഖിൽരാഗ് പറഞ്ഞു. സാധാരണയായി ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകൾ, കുറ്റിച്ചെടികൾ, ഉണക്ക ഇലകൾ, വൈക്കോൽ എന്നിവയാണ്. മേഞ്ഞു നടന്ന് ഇലകളും മറ്റും ഉയരങ്ങളിൽ നിന്നുപോലും തിരഞ്ഞെടുത്തു കഴിക്കാനാണ് അവ ഇഷ്ടപെടുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവിൽ തീറ്റയും നൽകണം.
കുഴുപ്പിള്ളി ബീച്ചിലെ ഒട്ടകത്തിനു പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതൽ അളവിൽ തീറ്റയും പരിചയമില്ലാത്തതുമായ ചെടികൾ നൽകിയതുമാണ് അസുഖത്തിനു കാരണമായത്. ഡോ. അഖിൽ രാഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം രക്തത്തിലൂടെ ഇലക്ട്രോലൈറ്റുകൾ, ആന്റിബയോട്ടിക്കുകൾ, ബികോംപ്ലക്‌സുകൾ മുതലായവ തുടർച്ചയായി രണ്ടുദിവസം നൽകി. ഒടുവിൽ ഒട്ടകം എഴുന്നേറ്റു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരുന്നു. റാഫിയാണ് നിലവിൽ ഒട്ടകത്തെ പരിപാലിക്കുന്നത്. ഒട്ടകങ്ങളുടെ ആമാശയത്തിന് പശു, ആട് മുതലായ അയവിറക്കുന്ന മൃഗങ്ങളിൽ ഉള്ളതു പോലെ നാലറകളുണ്ട്. പോഷകമൂല്യം വളരെ കുറവുള്ള ഉണങ്ങിയതും കൂടുതൽ നാരുകളടങ്ങിയതുമായ ഉണക്ക പുല്ല്, വൈക്കോൽ എന്നിവ ദഹിപ്പിക്കുന്ന രീതിയിലുള്ള ആമാശയമാണ് ഒട്ടകങ്ങൾക്കുള്ളത്.എന്നാൽ ഉയർന്ന പോഷക മൂല്യമുള്ളതും പെട്ടെന്ന് ദഹിക്കുന്നതുമായ ഖരാഹാരം അഥവാ മാർക്കറ്റിൽ ലഭിക്കുന്ന തീറ്റകൾ, കൂടുതൽ ധാന്യങ്ങൾ, എന്നിവ കഴിക്കുന്നതും അമിതമായി കഴിക്കുന്നതും ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഈയവസരത്തിൽ ആമാശയത്തിലെ ബാക്ടീരിയകൾ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുകയും അസിഡോസിസ് എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വിശപ്പില്ലായ്മ, വയറ് പെരുക്കം, നിർജ്ജലീകരണം, ക്ഷീണം, എഴുന്നേൽക്കാൻ ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങൾ കാണാറുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
