വാസു റിമാന്റില്‍; ഇനി പത്മകുമാറോ?, അന്വേഷണ സംഘത്തിന്റെ സൂചന

എന്‍.വാസുവിന്റെ അറസ്റ്റോടെ അടുത്തതാര് എന്നത് അന്വേഷണസംഘം ഉടന്‍ ഹൈക്കോടതിയില്‍ അറിയിക്കേണ്ടിവരും. ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു വിവരം

author-image
Biju
New Update
vasu

തിരുവനന്തപുരം: 2019ല്‍ ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്ക കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു 7 മാസങ്ങള്‍ക്കു ശേഷം ദേവസ്വം പ്രസിഡന്റായി വന്നപ്പോഴും തട്ടിപ്പിന്റെ വഴികള്‍ ശബരിമലയില്‍ തുടരുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളില്‍ വാസുവിന്റെ പങ്കും വ്യക്തമായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ പ്രതിസ്ഥാനത്തുള്ള അതേ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഒടുവില്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എന്‍.വാസുവിന്റെ അറസ്റ്റോടെ അടുത്തതാര് എന്നത് അന്വേഷണസംഘം ഉടന്‍ ഹൈക്കോടതിയില്‍ അറിയിക്കേണ്ടിവരും. ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു വിവരം. കട്ടിളപ്പടിയിലെ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ നാലും അഞ്ചും ആറും പ്രതികള്‍ അറസ്റ്റിലായിട്ടും മൂന്നാം പ്രതിയായ വാസുവിന്റെ അറസ്റ്റ് വൈകിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വാസുവിന്റെ  മൊഴിപ്രകാരം 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമെതിരായ നടപടിയിലേക്കു പോകാതിരിക്കാന്‍ അന്വേഷണസംഘത്തിനു കഴിയില്ല.  ഏഴാം പ്രതി അസിസ്റ്റന്റ് എന്‍ജിനീയറും എട്ടാം പ്രതി 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുമാണ്. ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ ഉടനെ ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നുണ്ട്.

2019ല്‍ വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണ് ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ ഇളക്കിയെടുത്ത് കേരളത്തിനു പുറത്തേക്കു കടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ശ്രീകോവില്‍ വാതില്‍ കട്ടിളകളിലെ സ്വര്‍ണപ്പാളി ഇളക്കി തട്ടിപ്പിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു നല്‍കാന്‍ അനുമതി തേടി 2019 ഫെബ്രുവരി 16ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്ന ഡി.സുധീഷ് കുമാര്‍ വാസുവിനു നല്‍കിയ കത്തില്‍ കട്ടിള പൊതിഞ്ഞുള്ള ചെമ്പ് (മുന്‍പ് സ്വര്‍ണം പൂശിയിട്ടുള്ളത്) എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വാസു അനുമതിക്കായി ദേവസ്വം ബോര്‍ഡിനു നല്‍കിയ കത്തില്‍ 'സ്വര്‍ണം പൂശിയത്' എന്നത് ഒഴിവാക്കി 'ചെമ്പ് പാളി' എന്നു മാത്രമാക്കി. സ്വര്‍ണപ്പാളി രേഖാമൂലം ചെമ്പായി മാറിയതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. എന്നാല്‍ തന്റെ ഓഫിസിലെ 2 ഓഫിസര്‍മാരാണ് ഇത്തരത്തില്‍ കുറിപ്പ് തയാറാക്കിയതെന്നായിരുന്നു വാസുവിന്റെ വാദം.

പിന്നീട് 2019 നവംബറില്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം ഡിസംബര്‍ 9ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന് ഇമെയില്‍ അയച്ചിരുന്നു. ദ്വാരപാലക ശില്‍പങ്ങളിലും ശ്രീകോവിലിന്റെ വാതിലിലും സ്വര്‍ണം പൂശിയ ശേഷം കയ്യില്‍ ബാക്കിയായ സ്വര്‍ണം ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ഏതെങ്കിലും പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കുന്നതില്‍ അഭിപ്രായം തേടുകയായിരുന്നു മെയിലിലൂടെ. അസാധാരണമായ മെയില്‍ ആയിട്ടും അതില്‍ തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറുടെയും റിപ്പോര്‍ട്ട് തേടി കയ്യൊഴിഞ്ഞ വാസു പിന്നീട് അന്വേഷണമോ തുടര്‍ നടപടികളോ ഇല്ലാതെ ദുരൂഹമായ ഈ സംഭവത്തില്‍ കണ്ണടച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പരിചയ സമ്പന്നനായിട്ടും അത്തരം ഒരു മെയിലില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നായിരുന്നു വാസു പറഞ്ഞത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് പ്രതിസ്ഥാനത്തല്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ ബോര്‍ഡ് പ്രതിസ്ഥാനത്ത് എന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കെ.ജയകുമാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്തേക്കു വരുന്നത്. അതില്‍ അഭിമാനമാണുള്ളത്. കാലാവധി പൂര്‍ത്തിയാക്കിയാണ് അധ്യക്ഷപദവിയില്‍ നിന്ന് ഇറങ്ങുന്നതെന്നും അതില്‍ വിഷമിക്കാന്‍ ഒന്നുമില്ലെന്നും പ്രശാന്ത് പറഞ്ഞു. എന്‍.വാസുവിന്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ പ്രശാന്ത് തയാറായില്ല.