/kalakaumudi/media/media_files/2025/08/20/kummanam-2025-08-20-22-20-33.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് 'ഡല്‍ഹി മോഡല്‍' കര്‍ഷകസമരം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷകസംഘടനകളെ അണിനിരത്തി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
ഇതിനു മുന്നോടിയായി പാലക്കാട്ട് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ കേരള സംയുക്ത കര്‍ഷക വേദി രൂപീകരിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവാരജ് സിങ് ചൗഹാന്‍ ഉടന്‍ കേരളം സന്ദര്‍ശിച്ച് കര്‍ഷകരില്‍നിന്നു നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയും.
'കൃഷി വളരണം.. കര്‍ഷകന് ജീവിക്കണം' എന്ന മുദ്രാവാക്യവുമായി 29ന് സെക്രട്ടറിയേറ്റിനു മുന്നില്‍ കര്‍ഷക ധര്‍ണ നടത്താനും പാലക്കാട് നടന്ന നെല്‍കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചതായി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവോണത്തിനകം കര്‍ഷകരുടെ പണം കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷ ധര്‍ണയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കിയ പണം കേരള സര്‍ക്കാരിന്റെ കൈയിലുണ്ടായിട്ടും അത് നല്‍കാത്താത് കര്‍ഷകരോടുള്ള ചൂഷണമാണ്.
മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 5.1 രൂപ വര്‍ധിപ്പിച്ചപ്പോള്‍ കേരളം വെട്ടിക്കുറയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തിന് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചതാണെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് 33 രൂപ ലഭിക്കുമായിരുന്നു. കേന്ദ്രം കര്‍ഷകര്‍ക്ക് അനുവദിച്ച തുക നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക തിരിമറി നടത്തുകയാണ്. കര്‍ഷകരുടെ നെല്ലെടുത്താല്‍ പണം നല്‍കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും അത് ഔദാര്യമല്ലെന്നും കുമ്മനം പറഞ്ഞു.
നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനകം വില നല്‍കണമെന്ന് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒപ്പിട്ട ധാരണാപ്രതത്തില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നെല്ലു സംഭരിക്കാന്‍ തയ്യാറാണെന്നും ധാരാണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ എഫ്‌സിഐയാണ് നെല്ലെടുക്കുന്നത്. കേരള സര്‍ക്കാര്‍ പറയുകയാണെങ്കില്‍ കേന്ദ്രീകൃതമായ സംഭരണവ്യവസ്ഥ കൊണ്ടുവരാന്‍ കേന്ദ്രവും എഫ്‌സിഐയും തയ്യാറാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളം 104 കോടിരൂപയാണ് കുടിശ്ശികയായി അടയ്ക്കാനുള്ളത്. കേന്ദ്രം 2600 കോടി നല്‍കാനുണ്ടെന്ന് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി പറഞ്ഞത് എന്തിനത്തിലാണെന്നും, അതിന്റെ രേഖകള്‍ സമര്‍പ്പിച്ചോ എന്നും കുമ്മനം ചോദിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്രം 10,800 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനായി കേരളത്തിനു നല്‍കിയിട്ടുള്ളത്. കള്ളക്കണക്ക് പറഞ്ഞോ, തെറ്റായ വിവരങ്ങള്‍ നല്‍കിയോ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിഷേധിക്കാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കരുത്. കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയ പണം കേരളം കൊടുക്കേണ്ടതാണ്. ഉടന്‍ തന്നെ സംഭരിച്ച നെല്ലിന്റെ വില തിരുവോണത്തിന് മുമ്പായി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ടതാണെന്നു കുമ്മനം പറഞ്ഞു.