/kalakaumudi/media/media_files/2025/08/30/vallam-2025-08-30-14-11-47.jpg)
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല.അതേസമയം, പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും.