നെയ്യാറ്റിൻകരയിൽ സംസ്കരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ.സമാധി പൊളിച്ചുമാറ്റി മൃതദേഹം പുറത്തെടുക്കുമ്പോൾ ഒരു പൊതു പ്രതിനിധിയെന്ന നിലയിലാണ് പ്രസന്ന കുമാർ അവിടെ ഉണ്ടായിരുന്നത്.
"സമാധിയുടെ മുകളിലുള്ള സ്ലാബ് ആദ്യം മാറ്റുകയും. പിന്നീട് മുൻവശത്തുണ്ടായിരുന്ന മൂന്ന് സ്ലാബുകൾ കൂടി ഓരോന്നായി മാറ്റി.കഴുത്ത് വരെ ചാരത്തിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ഇരിക്കുന്നതായാണ് കാണപ്പെട്ടത്.ശവകുടീരത്തിലുടനീളം കർപ്പൂരത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു.ശരീരം മുഴുവൻ തുണികൊണ്ട് മൂടിയിരുന്നു.ഗോപൻ സ്വാമിയുടെ വായ മാത്രം തുറന്നിരുന്നു. നാവ് കറുത്ത നിരത്തിലായിരുന്നു കാണപ്പെട്ടതെന്നും" -പ്രസന്ന കുമാർ പറഞ്ഞു.
പുറത്തെടുത്ത മൃതദേഹം,ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.മരണത്തിൽ എന്തെങ്കിലും അസാധാരണത്വമുണ്ടോയെന്ന് കണ്ടെത്താൻ ഇതുവരെ ഫോറൻസിക് പരിശോധന നടത്തിയിട്ടില്ല.സംഘർഷ സാധ്യത കണക്കിലെടുത്ത്,രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഒരു വലിയ പോലീസ് സംഘം അതിരാവിലെ തന്നെ കല്ലറക്കടുത്തെ പ്രദേശത്ത് തമ്പടിച്ചിരുന്നു.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയും പുലർച്ചെ കല്ലറയിലേക്കുള്ള വഴി അടക്കുകയും ചെയ്തു.അതിനുശേഷം, പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ സ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു.കല്ലറ ടാർപോളിൻ കൊണ്ട് മൂടിയ ശേഷം മുകൾഭാഗം തുറക്കുകയായിരുന്നു.