ഒരു കോടിയിലേറെ ചെലവിട്ട് പാലം ദീപാലംകൃതമാക്കി, പക്ഷേ അടിഭാഗം തുരുമ്പെടുത്തു; ഫറോക്ക് പഴയ പാലം അപകടാവസ്ഥയിൽ

കോടികള്‍ ചെലവഴിച്ച് നവീകരിച്ച ഫറോക്ക് പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. പാലത്തിന്‍റെ അടിഭാഗത്തുള്ള ഗര്‍ഡറുകളോട് ചേര്‍ന്നുള്ള ഭാഗമാണ് ദ്രവിച്ച് അടര്‍ന്നു തുടങ്ങിയത്

author-image
Devina
New Update
ferok


കോഴിക്കോട്: കോടികൾ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൻറെ അടിഭാഗത്തെ ക്രോസ് ബീമുകൾ തുരുമ്പെടുത്ത് അപകടാവസ്ഥയിൽ.

പാലത്തിൻറെ അടിഭാഗത്തുള്ള ഗർഡറുകളോട് ചേർന്നുള്ള ഭാഗമാണ് ദ്രവിച്ച് അടർന്നു തുടങ്ങിയത്. പാലത്തിൻറെ അപകടാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
1883ൽ ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച പാലം
1883ൽ ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചതാണ് ഫറോക്ക് പാലം.

 ഫറോക്കിനേയും ചാലിയാറിനേയും ബന്ധിപ്പിക്കുന്ന പാലത്തിൻറെ ഗർഡറുകളോട് ചേർന്ന ക്രോസ് ബീമുകളാണ് തുരുമ്പെടുത്തിരിക്കുന്നത്. ഗർഡറുകൾ തൂണുകളിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ കവചവും തുരുമ്പെടുത്തിട്ടുണ്ട്.

 ഉയരം കൂടിയ വാഹനങ്ങൾ കടന്നു പോകുന്നത് കാരണം പാലത്തിൻറെ സംരക്ഷണ കവചങ്ങൾ മുമ്പ് തകർന്നിരുന്നു.

 2022 ൽ സംരക്ഷണ കവചങ്ങൾ മാറ്റി സ്ഥാപിച്ചു. പാലത്തിൻറെ മുകൾ ഭാഗത്തും നടപ്പാതയിലും അറ്റകുറ്റപ്പണികളും നടത്തി.

 90 ലക്ഷം ചെലവിട്ടായിരുന്നു പ്രവൃത്തി. വർഷമൊന്നു കഴിഞ്ഞപ്പോൾ ഒരു കോടി രൂപയിലധികം ചെലവിട്ട് പാലം ദീപാലംകൃതമാക്കി.

 ആഘോഷപൂർവ്വം ഉദ്ഘാടനവും നടത്തി. പാലത്തിൻറെ അടിഭാഗം തുരുമ്പെടുത്ത കാര്യം അധികൃതരെ അന്നേ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
കഴിഞ്ഞ മാർച്ചിൽ നടത്തിയ ഡ്രോൺ പരിശോധനയിലാണ് അടിഭാഗം തുരുമ്പെടുത്ത കാര്യം കണ്ടെത്തിയതെന്നും ആരും പരാതിയൊന്നും നൽകിയിരുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

 അറ്റകുറ്റപ്പണികൾക്കായി 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

 ഭരണാനുമതി കിട്ടിയിലാടുൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.