/kalakaumudi/media/media_files/2025/07/03/cmdthg-2025-07-03-17-59-30.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളേജില്‍ എത്തി മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം, പ്രതികരണവുമായി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തെത്തി. ഇനിയാര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നും വിശ്രുതന്‍. രക്ഷാപ്രവര്‍ത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ. സംഭവസമയത്ത് താന്‍ ബ്ലഡ് ബാങ്കില്‍ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകള്‍ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തില്‍ ആണ് ഈ കെട്ടിടം ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.