മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍പെടുത്തി കേന്ദ്രം

2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിന്റെ ആവശ്യം അന്തര്‍ സംസ്ഥാന സമിതി പരിഗണിക്കുകയാണെന്നും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചെങ്കില്‍ ഈ തുക വയനാടിന് അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നിലപാട് അറിയിച്ചു.

author-image
Prana
New Update
wayanad landslide missing

വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിന്റെ ആവശ്യം അന്തര്‍ സംസ്ഥാന സമിതി പരിഗണിക്കുകയാണെന്നും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചെങ്കില്‍ ഈ തുക വയനാടിന് അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നിലപാട് അറിയിച്ചു. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.
അതേസമയം പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിയങ്കാ ഗാന്ധി എംപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസമായിട്ടും വയനാട്ടില്‍ സഹായം ലഭിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. പ്രിയങ്കക്കൊപ്പം യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരും സന്ദര്‍ശനത്തിന് എത്തിയിരുന്നു. രാഷ്ട്രീയം മറന്ന് ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുന്‍പേ തന്നെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസനിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 
2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ചൂരല്‍മലമുണ്ടക്കൈ ദുരന്തമുണ്ടാകുന്നത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ ഒന്നിലധികം തവണ ഉരുള്‍പൊട്ടുകയായിരുന്നു.

mundakkai landslides central government