വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഈ പരാമര്‍ശം.
തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസംഘം 'അതിതീവ്രമായ' ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്നു കത്തില്‍ പറയുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും കേരളം നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചുവെങ്കിലും പ്രത്യേക പുനരധിവാസ പാക്കേജ് വേണമെന്ന ആവശ്യത്തിന് കൃത്യമായ മറുപടി കത്തില്‍ നല്‍കുന്നില്ല. അതിതീവ്രമായ ദുരന്തങ്ങളുണ്ടായാല്‍ നല്‍കുന്ന ധനസഹായം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്) മുഖേന ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍, കേന്ദ്രസംഘത്തിന്റെ (ഐഎംസിടി) വിലയിരുത്തല്‍ ഉള്‍പ്പടെ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) നിന്ന് അധിക തുക നല്‍കുമെന്നാണ് കത്തില്‍ പറയുന്നത്.