വെനിസ്വേലയിലേക്ക് പോകാൻ സിപിഎം എംപി വി. ശിവദാസന് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. വേൾഡ് പാർലമെന്ററി ഫോറത്തിൽ പങ്കെടുക്കാനാണ് ഡോ. വി ശിവദാസൻ എംപി വെനിസ്വേലയിലേക്ക് പോകാൻ തയാറെടുത്തത്. നവംബർ നാലുമുതൽ ആറുവരെ വെനിസ്വേല സർക്കാർ നടത്തുന്ന പാർലമെന്റംഗങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിരസിച്ചത്.
വിദേശ സർക്കാറുകളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ ശിവദാസൻ എഫ്സിആർഎ ക്ലിയറൻസ് അടക്കം നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചത് ബിജെപി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ആരോപിച്ചു. ലോകത്ത് വർധിച്ചുവരുന്ന ഫാഷിസത്തെക്കുറിച്ചുള്ള ചർച്ചയാണ് ഫോറത്തിലെ പ്രധാന അജണ്ട. ആദ്യ തവണ അനുമതി നിഷേധിച്ചപ്പോൾ പിഴവ് മൂലമാണെന്ന് കരുതി വീണ്ടും അപേക്ഷിച്ചു. എന്നാൽ, അവർ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയ പരിപാടിയിൽ പങ്കേടുക്കണ്ടതില്ല എന്നാണെന്ന് ശിവദാസൻ വിശദീകരിച്ചു.
ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളർന്നുവരുന്ന സാഹചര്യത്തിൽ നടത്തുന്ന സമ്മേളനത്തിലേക്ക് സിപിഐ എം പ്രതിനിധി എന്ന നിലയിലാണ് വി ശിവദാസനെ വെനസ്വേല പാർലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇൻഫന്റ് ക്ഷണിച്ചത്. വെനസ്വേല അധികൃതർ വിദേശ മന്ത്രാലയത്തിന് നേരിട്ടും കത്ത് നൽകി.