ഹേമ കമ്മറ്റി ശുപാർശകൾ ഗൗരവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കമ്മറ്റിയുടെ ശുപാർശകളിലൊന്ന് സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ തർക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നതായിരുന്നു.

author-image
Anagha Rajeev
New Update
cm pinarayi vijayan latest news
Listen to this article
0.75x 1x 1.5x
00:00 / 00:00

 ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യമായി സമിതിയെ നിയോഗിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്.

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങൾ ഉയർന്നു വന്നപ്പോഴാണ് സർക്കാർ ഈ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളും തൊഴിൽ സാഹചര്യവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമം.

അടിയന്തരസ്വഭാവത്തിൽ പരിഗണിക്കേണ്ടതും ഉടൻ പരിഹാരം കാണേണ്ടതുമായ പ്രശ്‌നങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ തീർപ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാർശകൾ തുടർന്ന് പരിഗണിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് പൊതുമാർഗ്ഗ രേഖകൊണ്ടുവരാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്‌നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തിൽ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയിൽ ഇന്റേണൽ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്.  മറ്റൊരു പ്രധാന ശുപാർശ വനിതകൾ സംവിധായകരും സാങ്കേതികപ്രവർത്തകരുമായി വരുന്ന സിനിമകൾക്ക്‌പ്രോൽസാഹനം നൽകണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സർക്കാർ അതിൽ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. നിലവിൽ നാല് സിനിമകൾ സർക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകൾ നിർമ്മിക്കുന്ന മറ്റ് ചലചിത്രങ്ങൾ നിർമ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടിൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സർക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. 

കമ്മറ്റിയുടെ ശുപാർശകളിലൊന്ന് സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ തർക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി.

സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ് മറ്റൊരു ശുപാർശ. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്‌മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആർട്ട് ആന്റ് ഡിസൈൻ, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. 

അഭിനയം വൈദഗ്ദ്യം ഉളള തൊഴിൽ മേഖലയായതിനാൽ സ്ത്രീ പുരുഷ ഭേഭമന്യ തുല്യവേതനം ഏർപ്പെടുത്തുക പോലെയുളള ശുപാർശകൾ നടപ്പിലാക്കുന്നതിന് ചില പരിമിതികൾ ഉണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും.  മദ്യം, മയക്കുമരുന്ന് പോലെയുളള ആശാസ്യകരമല്ലാത്ത പ്രവൃത്തികൾ തടയണം, ലൈംഗിക അതിക്രമങ്ങൾ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ. അതിനെല്ലാം ഇപ്പോൾ തന്നെ ക്രമസമാധാന രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് ഫലപ്രദമായി ഇടപ്പെടാൻ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകൾ, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികൾ, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതല്ല. 

സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലൻമാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തിൽ വില്ലൻമാരുടെ സാനിധ്യം ഉണ്ടാവാൻ പാടില്ല. സിനിമയിൽ അഭിനയിക്കാൻ വരുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകൾ കൊണ്ട് ആർക്കും ആരെയും ഇല്ലാത്താക്കാൻ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകൾ മുൻകൈ എടുക്കണം. സിനിമക്കുളളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ല. 

cheif minister pinarayi vijayan hema committee report