ഖത്തറിൽ കണ്ട ആ ഏറ്റുമുട്ടൽ കേരളത്തിലും, അര്‍ജന്റീനയ്ക്ക് എതിരാളികളായി, നിര്‍ണായക സന്ദര്‍ശനത്തിന് ടീം മാനേജര്‍ കൊച്ചിയിൽ

ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരത്തിനുള്ള സാധ്യതകൾ വർധിക്കുന്നു. ഓസ്ട്രേലിയയാകും എതിരാളികളെന്നും, ടീം മാനേജർ ഡാനിയൽ പബ്രേര കൊച്ചിയിലെ കലൂർ സ്റ്റേഡിയം സന്ദർശിക്കുന്നതോടെ നവംബറിലെ മത്സരത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ

author-image
Devina
New Update
lionel-messi_imago1019567000h

കൊച്ചി: ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു.

 ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം.

 അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.

കളമൊരുങ്ങുന്നത് ഓസ്ട്രേലിയക്കെതിരെ

ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളിയാകാൻ സാധ്യത കൂടുതൽ. ഈ രണ്ട് ടീമുകളും ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു

. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി.

കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ ഒരു മറുപടി ഗോളും പിറന്നു.

ടീം മാനേജർ ഇന്ന് കൊച്ചിയിൽ

അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും.

 ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും.

 നവംബർ 15-ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക.

 ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു

. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് അർജന്റീന ടീം മാനേജർ നേരിട്ട് കൊച്ചിയിലേക്ക് എത്തുന്നത്.

 ഇതോടെ ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ ടീമും ഇന്ത്യയിൽ എത്തുമെന്ന ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് യാഥാർഥ്യത്തോട് കൂടുതൽ അടുത്തു.