അകന്നുപോകുന്ന പുഴത്തണുപ്പ്

കണ്ണുകൾ അത്രമാത്രം മുന്നോട്ട് പായിച്ചിട്ടും വീണ്ടും അതാ അതിരില്ലാശൂന്യത.... മഹാശൂന്യതയുടെ  നേരമ്പോക്കുകളിൽ  കണ്ണുകൾ പായിക്കുമ്പോൾ  പിന്നെയും ശൂന്യത...

author-image
Ashraf Kalathode
New Update
ttt

അകന്നുപോകുന്ന പുഴത്തണുപ്പ്
..................................

ദൂരേക്ക് നോക്കും തോറും 
ദൂരം കൂടുകയാണ്.
വീണ്ടും വീണ്ടും
ദൂരേക്ക് നോക്കും തോറും
മുന്നോട്ട് മുന്നോട്ട്
ദൂരം മാത്രമേയുള്ളൂ.

കണ്ണുകൾ അത്രമാത്രം മുന്നോട്ട് പായിച്ചിട്ടും വീണ്ടും അതാ അതിരില്ലാശൂന്യത....
മഹാശൂന്യതയുടെ 
നേരമ്പോക്കുകളിൽ 
കണ്ണുകൾ പായിക്കുമ്പോൾ 
പിന്നെയും ശൂന്യത...

കണ്ണുകളിൽ ഒന്നും പതിയുന്നേയില്ല.

പക്ഷേ 
ശബ്ദങ്ങൾ 
പ്രകമ്പനം കൊള്ളിച്ച് 
കുലുക്കി താഴെയിടുന്നു.

അങ്ങോട്ടും 
ഇങ്ങോട്ടും വലിച്ചെറിയുന്ന 
കസേരകളുടെ ശബ്ദം 
കാതടപ്പിക്കുന്ന 
ഇടിയൊച്ചകൾ.

മരപ്പട്ടികൾ
കാർന്നു തിന്നുന്ന
ഇരിപ്പിടങ്ങൾ...

തീ തുപ്പുന്ന 
വെടിക്കോപ്പുകളുടെ 
ശബ്ദം...
വന്നിട്ട് ഒരിക്കലും തിരിച്ചു പോകാത്ത അതിഥികളായ്
വേദനകൾ മാത്രം..

ഹൃദയധമനികളിൽ
ആഞ്ഞുപതിക്കുന്ന
വെടിയൊച്ചകൾ..

എന്നിട്ടും കണ്ണുകൾ പോകുകയാണ് 
മുന്നോട്ട്.. മുന്നോട്ട്...

എവിടെ..
എവിടെയാണൊരു 
പച്ചതുരുത്ത്..
അല്ലെങ്കിൽ 
ഒരു ഹരിതപ്പൊട്ട്..

അതും വേണ്ട...
ഈ ശ്വാസം മുട്ടലിൽ 
മഞ്ഞുതുള്ളിപോലൊരു കുടിനീർ..
ഇല്ല... 
കണ്ണിലുടക്കുന്നേയില്ല...

അതാ നിളയൊഴുകുന്നു..
ആരോ പറയുന്നു...
പക്ഷേ കണ്ണുകളിൽ
എന്താ ഒന്നും പതിയാത്തത്..

ഒരിക്കൽ പകുത്തു നൽകിയ പ്രണയത്തിൽ
ഉടൽച്ചൂരുകളിലേക്ക്
നീ ഊളിയിട്ടപ്പോൾ
നമുക്ക് മുന്നിലും
ഇടതുവശത്തും
വലതു വശത്തും
മൂന്ന് പുഴകൾ
ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു.
അവയെല്ലാം
നമ്മളിൽ അത്രമേൽ
തണുപ്പ് കുടഞ്ഞിട്ടിരുന്നു.

എന്നിട്ടുമെന്നിട്ടും
എത്രവേഗത്തിലാണ്
നീയെല്ലാം മറന്ന്
പുതിയൊരു
മൂടുപടം എടുത്തണിഞ്ഞത്.

നിനക്കറിയുമോ
നിന്റെ ഉള്ളം തിളയ്ക്കുന്നത്
നിന്നേക്കാൾ
അറിയാൻ കഴിയുന്നത്
എനിക്കാണെന്ന്..

ഓരോ ചുവടും
മുന്നോട്ട് വെക്കുമ്പോൾ
ഒരു നിഴലായ് കൂടെയുണ്ടായിരുന്ന
ഒരു പ്രാർത്ഥനയെ
ഇത്രവേഗം
ചവിട്ടിക്കുഴച്ചിട്ട്‌
നീയിപ്പോൾ
ഒരു മൂടുപടത്തിലേക്കിറങ്ങുകയാണ്.

നോക്കൂ
നമുക്ക് കാവൽ നിന്ന പുഴകൾ
ഉറക്കെയുറക്കെ
കരയുന്നുണ്ട്.

അന്ന്...
ഓർക്കുന്നോ..
പുഴകൾക്ക് എന്തൊരു
തണുപ്പായിരുന്നു.

ഇന്ന്
ഉഷ്ണം പെരുത്ത്
അവ വറ്റിത്തീരുകയാണ്.

അവയുടെ കരച്ചിൽ
എന്നെയൊരു ഭ്രാന്തിലേക്ക്
തള്ളിവിടുകയാണ്..
ഒന്നും കാണുന്നേയില്ല.

കാഴ്ചകൾ
ആരോ കട്ടെടുത്തുവോ...

നിലാവ്
മിന്നൽ ജാലകങ്ങൾ
മഴവില്ല്
ആകാശം
കടൽ
കാട്..
പൂവനങ്ങൾ...

എല്ലാം കരയുന്നുണ്ട്
ഞാനത് കേൾക്കുന്നു..

മുന്നിൽ ദൂരം മാത്രം
വെറും ദൂരം മാത്രം

..... ബിന്ദുബാബു....

AMMAKKALAM POEM