രാജ്യത്തിനാവശ്യം സന്തുലിത വികസനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വികസന പ്രവർത്തനങ്ങൾ ഗിരിവർഗ്ഗ മേഖലകളിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും എത്തുമ്പോൾ മാത്രമേ രാജ്യം യഥാർത്ഥ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

author-image
Shyam Kopparambil
New Update
hg

 


 കൊച്ചി : വികസന പ്രവർത്തനങ്ങൾ ഗിരിവർഗ്ഗ മേഖലകളിൽ ഉൾപ്പെടെ  എല്ലായിടങ്ങളിലും  എത്തുമ്പോൾ മാത്രമേ രാജ്യം യഥാർത്ഥ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന്  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം,  യുവജനകാര്യ കായിക മന്ത്രാലയം എന്നിവയുടെ  സഹകരണത്തോടെ  മേരാ യുവഭാരത്- നെഹ്റു യുവ കേന്ദ്ര  സംഘടിപ്പിച്ച പതിനാറാമത് ആദിവാസി യുവജന വിനിമയ സാംസ്കാരിക പരിപാടി എറണാകുളത്ത് കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   ജനങ്ങളുടെ മനസ്സിൽ ശാന്തിയും സമാധാനവും ഉണ്ടാകുമ്പോഴാണ് രാജ്യത്തിന്റെ യശസ്സ് ഉയരുന്നത്.  യുവാക്കളാണു നാളെയുടെ പ്രതീക്ഷ. സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതു ഓരോരുത്തരും ആയിരിക്കണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന വികസനക്ഷേമ പരിപാടികളെക്കുറിച്ച്  അറിവുണ്ടായാൽ മാത്രമേ സ്വന്തം പ്രദേശത്തെ സാഹചര്യമനുസരിച്ചു വികസന പരിപാടികൾ ആവിഷ്കരിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
  ചടങ്ങിൽ ജില്ലാ കളക്ടർ  എൻ എസ് കെ ഉമേഷ് അധ്യക്ഷനായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അദ്ദേഹം പൊന്നാടയണിയിച്ചു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ സുബൈദ റസാക്ക്, ഡോ. ആർ സുരേന്ദ്രൻ, യുവജന കാര്യ കായിക മന്ത്രാലയം അണ്ടർ സെക്രട്ടറി രാജ്കുമാർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഎസ് ഒ ബൻവാരിലാൽ, ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പ്രസംഗിച്ചു.

ജനുവരി 26 വരെ നടക്കുന്ന  പരിപാടിയിൽ വിവിധ വിഷയങ്ങളെക്കുറിച്ചു  ക്ലാസുകളും ചർച്ചകളും ഉണ്ടായിരിക്കും. ഛത്തീസ്ഗഢിലെ ദന്തേവാഡ, കങ്കർ, മൊഹല്ല, ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും,മഹാരാഷ്ട്രയിലെ ഗഡ്ചിറോളി തുടങ്ങിയ  പിന്നാക്ക  ജില്ലകളിലെ 200 ഓളം  യുവതീ യുവാക്കളാണു പരിപാടിയിൽ പങ്കെടുക്കുന്നത്. സംഘാംഗങ്ങൾ എറണാകുളം സിവിൽ സ്റ്റേഷൻ, മട്ടാഞ്ചേരി, കടവന്ത്ര റീജിയണൽ  സ്പോർട്സ് സെൻറർ, കൊച്ചിൻ ഷിപ്പ് യാർഡ്, മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തെരുവ് തുടങ്ങിയ സ്ഥലങ്ങൾ വരും ദിനങ്ങളിൽ  സന്ദർശിക്കും. വാട്ടർ മെട്രോ, മെട്രോ റെയിൽ എന്നിവയിൽ സഞ്ചരിക്കും. 26ന്  സമാപന പരിപാടി  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി അധ്യക്ഷനാകും.

kochi Justice Devan Ramachandran