കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി. തൃശൂര്‍ സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. കുന്നംകുളം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. തിയ്യതി നിശ്ചയിച്ചിട്ടില്ല. കുഴല്‍പ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചെന്നാണ് സതീഷിന്റെ മൊഴി. പണത്തിന് താന്‍ കാവല്‍ ഇരുന്നെന്നും സതീഷ് പറഞ്ഞിരുന്നു.
ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരൂര്‍ സതീഷ് ആവശ്യപ്പെട്ടു.
എല്ലാ പണവും വിതരണം ചെയ്ത് കഴിഞ്ഞുവെന്ന് പറഞ്ഞിട്ടും ഒന്നര കോടി രൂപയാണ് പിന്നീട് ബാക്കിയുണ്ടായിരുന്നത്. ഇത് ഒരു മാസത്തിലധികം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഈ പണം ഒരു ചാക്കിലും രണ്ട് ബിഗ്‌ഷോപ്പറിലുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറില്‍ അവിടെ നിന്നും കൊണ്ടുപോയിരുന്നു. ശേഷം ഈ പണത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സതീഷ് പറഞ്ഞിരുന്നു.