ഹൈക്കോടതി നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വീണ്ടും റോഡ് കയ്യേറി സമരപ്പന്തൽ സ്ഥാപിച്ച് സിപിഐ

സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്.

author-image
Subi
New Update
eranakulam

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിനു റോഡ് തടഞ്ഞു പന്തൽ കെട്ടിയ സംഭവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ തലസ്ഥാനത്ത് റോഡ് കയ്യേറി വീണ്ടും പന്തല്‍ കെട്ടി സമരം. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്. സംഘടന നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമ്മേളന വേദി റോഡിലാണ് നിര്‍മ്മിച്ചത്. പ്രവര്‍ത്തകര്‍ റോഡില്‍ നിറഞ്ഞതോടെ സെക്രേട്ടേറിയറ്റിന് മുന്നില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.കൂടാതെ നടപ്പാത കെട്ടിയടച്ചതോടെ കാൽനടയാത്രക്കാരും വലഞ്ഞു.

 

മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശനങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ, സമരം വാര്‍ത്തയായതോടെ, റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടി സമരം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

 

സിപിഐ സംഘടന റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടിയതും സമരം നടത്തിയതും ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്, വിഷയത്തിൽ നേരത്തെ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരനായ എന്‍ പ്രകാശ് പറഞ്ഞു. പരാതി കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതുകൊണ്ട് കാര്യമില്ല, റോഡ് കയ്യേറി സമരപ്പന്തലോ തോരണങ്ങളോ കെട്ടിയാല്‍ അതെല്ലാം പൊളിച്ചു മാറ്റണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമരപ്പന്തല്‍ പൊളിക്കാന്‍ കൂട്ടാക്കാത്ത പൊലീസ് നടപടിയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

pannyan raveendran CPI