/kalakaumudi/media/media_files/2026/01/16/pinaryi-2026-01-16-08-25-12.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ക്കുമായി സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നു മുതല്‍ 18 വരെ തിരുവനന്തപുരത്തു ചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങള്‍ക്കും പുതിയ തൊഴില്‍ കോഡിനുമെതിരെ ദേശീയ തലത്തില്‍ ആവിഷ്‌കരിക്കേണ്ട സമരപരിപാടികളും ചര്‍ച്ച ചെയ്യും.
കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണു തിരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇതില്‍ പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍, ഇവിടെ നടക്കുന്ന കേന്ദ്രകമ്മിറ്റി (സി.സി) യോഗം കൂടുതലായി കേരളത്തിലെ തിരഞ്ഞെടുപ്പു തയാറെടുപ്പുകളില്‍ ശ്രദ്ധയൂന്നും. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയതു സി.സിയുടെ അംഗീകാരത്തോടെയാണ്. ടേം വ്യവസ്ഥയില്‍ ഇളവുണ്ടാകണമെങ്കിലും സി.സിയുടെ അംഗീകാരം വാങ്ങണം. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുവായ മാര്‍ഗനിര്‍ദേശമുണ്ടാകുമെന്നതിനപ്പുറം അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകുമെന്നു കരുതുന്നില്ല.
ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ചുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന കാര്യത്തില്‍ ഈ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വ്യക്തത വരുമെന്ന സൂചന ശക്തം. നിയമസഭാ ടീമിനെ നയിക്കാന്‍ പിബിയില്‍ നിന്ന് ആരെ നിയോഗിക്കണമെന്ന കാര്യത്തില്‍ പിബി തല ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അതു പിണറായി തന്നെയാകാനാണ് എല്ലാ സാധ്യതയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
