തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹര്‍ജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല.
ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവര്‍ക്ക് ഇന്‍സ്പെക്ടര്‍ തസ്തികയിൽ നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം.
അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ, ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്.
ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്.
ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.