/kalakaumudi/media/media_files/NUfC51pheQC3bW9FyQLT.jpg)
ആലുവ: ലോക്കൽ കമ്മിറ്റിയിലേക്ക് ആറ് പേർ മത്സരത്തിനൊരുങ്ങിയതോടെ സി.പി.എം എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു. ഇന്നലെ നൊച്ചി മയിൽ നടന്ന സമ്മേളനമാണ് പൂർത്തീകരിക്കാൻ കഴിയാതെ വന്നത്. നിലവിലെ 11 അംഗ ലോക്കൽ കമ്മിറ്റി 13 അംഗങ്ങളാക്കി ഉയർത്തിയിരുന്നു. പുതിയ 13 അംഗ പാനൽ അവതരിപ്പിച്ചതോടെ സമ്മേളന പ്രതിനിധികളിൽ നിന്ന് പുതിയ ആറ് പേരെ നിർദേശിച്ചു. സ്ഥിരം മുഖങ്ങളെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. സമ്മേളനം നിയന്ത്രിച്ചിരുന്ന ജില്ലാ കമ്മിറ്റിയംഗം എം.ബി. സ്യമന്തഭദ്രൻ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. മത്സരം ഉറപ്പായതോടെ സമ്മേളനം നിറുത്തിവച്ചു. ലോക്കൽ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്ന സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. ആലുവ ഏരിയ കമ്മിറ്റിക്ക് കീഴിലെ ആലുവ ടൗൺ, നെടുമ്പാശേരി ഈസ്റ്റ്, ചെങ്ങമനാട് ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് പൂർത്തീകരിച്ചിട്ടില്ല.