/kalakaumudi/media/media_files/2026/01/29/thozhilu-2026-01-29-10-46-32.jpg)
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ലെന്ന് സർക്കാർ. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അവസാനിപ്പിച്ചത് വലിയ വിവാദമായിരുന്നു. അതിനു പകരം കേന്ദ്രസർക്കാർ വിബി–ജി റാം ജി നിയമം (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) കൊണ്ടു വരികയായിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസ്സാക്കി. തുടർന്ന് രാഷ്ട്രപതി ബില്ലിന് അം​ഗീകാരം നൽകുകയും ചെയ്തിരുന്നു.
നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുതിയ നിയമപ്രകാരം പുറത്താകാൻ സാധ്യതയുണ്ടെന്നാണ് ആക്ഷേപം. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ നിലവിലുള്ള 100 ദിവസം പോലും ലഭിക്കാനുള്ള സാധ്യത വിരളമാണ്. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
