/kalakaumudi/media/media_files/2026/01/28/lokam-2026-01-28-15-14-21.jpg)
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് ചേരും.
പൊതുസമ്മേളനം ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക. 30 ന് രാവിലെ 10ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും .
125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധ്യമുണ്ടാകുമെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
പൊതുസമ്മേളനവും ലോകകേരള സഭയിലെ നിർദ്ദേശങ്ങളിൽ നോർക്ക വകുപ്പു നടപ്പാക്കിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോകകേരളം ഓൺലൈൻ, സേവനം, പ്രവാസി മിഷൻ, വിമാനത്താവള ഹെൽപ് ഡെസ്‌ക് എന്നിവയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നോർക്ക വകുപ്പിനു കീഴിലെ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സ് ലിമിറ്റഡ് നടപ്പാക്കിയ ഷെർപ്പ നിക്ഷേപ പ്രോത്സാഹന പോർട്ടിലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
8 വിഷയങ്ങളിൽ ചർച്ചകളും 7 മേഖലാ സമ്മേളനങ്ങളും ലോകകേരള സഭ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
30 നും 31 നും യൂണിവേഴ്‌സിറ്റി കോളജിൽ സംവാദം സംഘടിപ്പിക്കും. നാലാം ലോകകേരള സഭയിൽ നിന്നും തിരഞ്ഞെടുത്ത 28 നിർദ്ദേശങ്ങളിൽ 10 എണ്ണം നടപ്പാക്കി.
23 നിർദ്ദേശങ്ങൾ സംസ്ഥാനസർക്കാർ നടപ്പാക്കേണ്ടതും 5 എണ്ണം കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ളതുമായിരുന്നു.
വിദേശറിക്രൂട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനും സുരക്ഷിത കുടിയേറ്റരീതിയെക്കുറിച്ച് ബോധവൽക്കരിക്കാനുമായി നോർക്ക പൊലീസ് സ്‌റ്റേഷൻ തുടങ്ങണമെന്ന നിർദ്ദേശം യാഥാർത്ഥ്യത്തിലേക്കു നീങ്ങുകയാണെന്നു നോർക്ക സെക്രട്ടറി ടി.വി.അനുപമ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
