അജിത് കുമാറും മനോജ് ഏബ്രഹാമുമില്ല; ഡിജിപി പട്ടികയില്‍ ഇനി 3 പേര്‍

സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല

author-image
Biju
New Update
MANODsaa

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടിക തയാറാക്കി കേന്ദ്രം. ഡല്‍ഹിയില്‍ യുപിഎസ്സി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് മൂന്നംഗ പട്ടിക തയാറാക്കിയത്. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചത്.

സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല. പട്ടികയില്‍ എഡിജിപിമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കേന്ദ്രം അറിയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ സംസ്ഥാനം കൂട്ടാക്കിയിരുന്നില്ല. കേന്ദ്രം നല്‍കിയ മൂന്നംഗ പട്ടികയില്‍നിന്ന് ഒരാളെ മുഖ്യമന്ത്രി പുതിയ പൊലീസ് മേധാവിയായി നിയമിക്കും.

ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി ഡോ.എസ്.ദര്‍വേഷ് സാഹിബുമാണ് പങ്കെടുത്തത്. 3 പേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കു കൈമാറാന്‍ ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. എന്നാല്‍ ദര്‍വേഷ് സാഹിബ് 30ന് വിരമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയാകും ചെയ്യുക. ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരം കൈമാറും.

adgp m r ajith kumar