സംസ്ഥാനത്താദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ ത്വക്ക് ബാങ്ക് പ്രവർത്തനം ആരംഭിച്ചു

ഒരാളില്‍ നിന്നെടുക്കുന്ന ത്വക്ക് ഒന്നോ അതിലധികമോ പേര്‍ക്ക് വച്ചുപിടിപ്പിക്കാനാകും.പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ത്വക്ക് സൂക്ഷിക്കുന്നത്  

author-image
Devina
New Update
medical college

തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാക്കിയ ത്വക്ക് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

 മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ത്വക്ക് ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെയാണിത്.

 ഹൃദയവും വൃക്കയും ഉള്‍പ്പെടെ ഷിബുവിന്റെ ഏഴ് അവയവങ്ങള്‍ ദാനം ചെയ്തിരുന്നു.

തീവ്രദു:ഖത്തിലും ഷിബുവിന്റെ ബന്ധുക്കള്‍ എടുത്ത തീരുമാനമാണ് ഇതില്‍ നിര്‍ണായകമായത്.

ഒരാളില്‍ നിന്നെടുക്കുന്ന ത്വക്ക് ഒന്നോ അതിലധികമോ പേര്‍ക്ക് വച്ചുപിടിപ്പിക്കാനാകും.

 പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ത്വക്ക് സൂക്ഷിക്കുന്നത്.

മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിങ്ങിനുശേഷം അത്യാവശ്യമുള്ള രോഗികളില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ത്വക്ക് വച്ചുപിടിപ്പിക്കും.

 അപകടത്തിലും പൊള്ളലേറ്റും ചര്‍മം നഷ്ടപ്പെട്ടവര്‍ക്ക് ഇത് സഹായകമാകും. അണുബാധ, വേദന, ധാതുലവണ നഷ്ടം എന്നിവ ഇതുമൂലം കുറയ്ക്കാനാകും.

 മൃതദേഹത്തിന് വൈരൂപ്യം ഉണ്ടാക്കാതെയാണ് ചര്‍മം എടുക്കുന്നത്.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ബേണ്‍സ് യൂണിറ്റും മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 ബേണ്‍സ് ഐസിയുവിനോട് ചേര്‍ന്നാണ് ത്വക്ക് ബാങ്കുള്ളത്.

 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ബേണ്‍സ് ഐസിയുവില്‍ നല്‍കുന്നത്.